
എല്ലാ ഉത്സവ സീസണുകളിലും കമ്പനികൾ വാഹനങ്ങളുടെ സ്പെഷ്യൽ എഡിഷനുകൾ വിപണിയിലെത്തിക്കുന്നത് പതിവാണ്. ഇപ്പോഴിതാ ആ കീഴ്വഴക്കം തെറ്റിക്കാതെ ഫോക്സ്‌വാഗൺ പോളോ, വെന്റോ വാഹനങ്ങളുടെ റെഡ് ആൻഡ് വൈറ്റ് എഡിഷനുകൾ വിപണിയിലവതരിപ്പിച്ചിരിക്കുന്നു. ഈ പുത്തൻ പോളോയ്ക്ക് 9.19 ലക്ഷം രൂപയും വെന്റോയ്ക്ക് 11.49 ലക്ഷം രൂപയുമാണ് വില. അതായത് ഹൈലൈറ്റ് വേരിയന്റിലെ ഓട്ടമാറ്റിക് പതിപ്പായ ഇവയ്ക്ക് റെഗുലർ മോഡലിന്റെ അതേ വില തന്നെയാണ് നൽകിയിരിക്കുന്നത്.

ഉത്സവസീസണോടനുബന്ധിച്ചു നടക്കുന്ന ഫോക്സ്ഫെസ്റ്റിന്റെ ഭാഗമായാണ് ഈ പുത്തൻ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 1.0 ലിറ്റർ ടി എസ് ഐ പെട്രോൾ എൻജിനാണ് ഇരു വാഹനങ്ങൾക്കും കരുത്തേകുന്നത്. ഈ എൻജിൻ 108 ബിഎച്ച്പി പവറും 175 എൻ എം ടോർക്കും സൃഷ്ടിക്കും. ഇരു വാഹനങ്ങൾക്കും 16.47 കിലോമീറ്റർ ഇന്ധനക്ഷമത കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ, മുൻപുണ്ടായിരുന്ന 7 സ്പീഡ് ഡിഎസ്ജി ട്രാൻസ്മിഷനു പകരം ആറ് സ്പീഡ് ടോർക്ക് കൺവേർട്ടറാണ് ഇവയിൽ നൽകിയിരിക്കുന്നത്. ഫ്ലാഫ് റെഡ്, സൺസെറ്റ് റെഡ്, കാൻഡി വൈറ്റ് എന്നീ നിറങ്ങളിൽ ആയിരിക്കും ഇരു വാഹനങ്ങളുടെയും പുത്തൻ എഡിഷനുകളെത്തുക.
ഇരു വാഹനങ്ങളുടെയും ഇൻറീരിയറിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ എക്സ്റ്റീരിയറിലാണ് പുതുമ കൊണ്ടു വന്നിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് അല്ലെങ്കിൽ വെള്ളനിറത്തിൽ നൽകിയിരിക്കുന്ന റൂഫ്, ഇതേ നിറത്തിലെത്തുന്ന റിയർവ്യൂ മിറർ, വശങ്ങളിൽ വരുന്ന ഡീക്കൽസ്, മുന്നിലെ സെൻട്രൽ നൽകിയിട്ടുള്ള സ്പെഷ്യൽ ബാഡ്ജിങ്ങ് എന്നിവയാണ് വാഹനത്തിൻറെ എക്സ്റ്റീരിയറിലെ മാറ്റങ്ങൾ.