
ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്വാഗൺ കമ്പനിയുടെ ഹാച്ച് ബാക്ക് മോഡലായ പോളോയുടെയും സെഡാൻ വാഹനമായ വെന്റോയുടെയും ടർബോ എഡിഷനുകൾ അവതരിപ്പിച്ചു. കാഴ്ചയിൽ കൂടുതൽ ആകർഷകമായതിനൊപ്പം കരുത്തും ഉയർത്തിയാണ് ഇരുവാഹനങ്ങളുടെയും ടർബോ എഡിഷനുകൾ വിപണിയിലെത്തിച്ചിട്ടുള്ളത്. പോളോയുടെ ടർബോ എഡിഷന് 6.99 ലക്ഷം രൂപ മുതലും വെന്റോയുടെ ടർബോ എഡിഷന് 8.69 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ് ഷോറൂം വില.

ഇരു വാഹനങ്ങളുടെയും ടർബോ എഡിഷന്റെ ബുക്കിംഗ് ഫോക്സ്വാഗൺ ഡീലർ ഷോപ്പുകളിലും ഔദ്യോഗിക വെബ്സൈറ്റുകളിലും ആരംഭിച്ചതായി കമ്പനി അറിയിച്ചു. ഇരു മോഡലുകളുടെയും കംഫർട്ട് ലൈൻ വേരിയന്റാണ് ടർബോ എഡിഷനാക്കി മാറ്റിയിട്ടുള്ളത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള സ്പോയിലർ, റിയർവ്യൂ മിറർ ക്യാപ്, ഫെൻറർ ബാഡ്ജ്, സ്പോർട്ടി സീറ്റ് കവർ എന്നിവയാണ് ഈ വാഹനത്തെ റെഗുലർ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ ചാർജ് പെട്രോൾ എൻജിനാണ് ഇരു മോഡലുകൾക്കും കരുത്തേകുന്നത്. ഇരു മോഡലുകളെയും എൻജിൻ 108 ബിഎച്ച്പി പവറും 175 എൻഎം ടോർക്കും സൃഷ്ടിക്കും.