Auto
Trending

പുതിയ ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍ എത്തി

വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ ടിഗ്വാന്റെ 2023 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏറെ പുതുമകളുമായി വിപണിയില്‍ എത്തുന്ന ഈ വാഹനത്തിന് 34.69 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. മുന്‍ മോഡലുകളെക്കാള്‍ 50,000 രൂപയാണ് പുതിയ പതിപ്പിന് വില ഉയര്‍ത്തിയിരിക്കുന്നത്. ഡിസൈനില്‍ അഴിച്ചുപണികള്‍ വരുത്താതെ കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയും പുത്തന്‍ നിറങ്ങളിലുമാണ് പുതിയ ടിഗ്വാന്‍ നിരത്തുകളില്‍ എത്തുന്നത്. ഫോക്‌സ്‌വാഗണ്‍ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍ എന്നിവയും അലോയി വീലും ഉള്‍പ്പെടെ മുന്‍ മോഡലില്‍ നിന്നെടുത്തവയാണ്. മുന്‍ മോഡലില്‍ നല്‍കിയിരുന്ന കിങ്ങ്‌സ് റെഡ്, പ്യൂവര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ഈ വാഹനം ഇനിയെത്തില്ല. പകരം, നൈറ്റ്‌ഷെയ്ഡ് ബ്ലൂ, ഒറിക്‌സ് വൈറ്റ്, ഡോള്‍ഫിന്‍ ഗ്രേ, ഡീപ്പ് ബ്ലാക്ക്, റിഫ്‌ളെക്‌സ് സില്‍വര്‍ എന്നിവയാണ് പുതിയ നിറങ്ങള്‍. മുമ്പുണ്ടായിരുന്ന ഓള്‍ ബ്ലാക്ക് ഇന്റീരിയറിന് പകരം ഡ്യുവല്‍ ടോണ്‍ ബ്ലാക്ക് നിറമാണ് ഇന്റീരിയറിന് നല്‍കിയിട്ടുള്ളത്. രണ്ട് ഫീച്ചറുകളാണ് പ്രധാനമായും അകത്തളത്തിലുള്ളത്. വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, പാര്‍ക്ക് അസിസ്റ്റ് എന്നിവയാണ് അവ. പാര്‍ക്ക് അസിസ്റ്റ് സംവിധാനം ആക്ടിവേറ്റ് ചെയ്താല്‍ ഡ്രൈവര്‍ ആക്‌സിലറേറ്റര്‍ സപ്പോര്‍ട്ട് മാത്രം നല്‍കിയാല്‍ മതിയാകും. വാഹനം തനിയെ പാര്‍ക്ക് ചെയ്യുന്നതാണ് സംവിധാനം.മാട്രിക്‌സ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, 10 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, എട്ട് ഇഞ്ച് വലിപ്പമുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹീറ്റഡ് മുന്‍നിര സീറ്റുകള്‍, ത്രീ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, പവേഡ് ടെയ്ല്‍ഗേറ്റ്, പനോരമിക് സണ്‍റൂഫ് എന്നിവയായിരുന്നു മുന്‍ മോഡലിലെ ഹൈലൈറ്റ്. ഈ ഫീച്ചറുകള്‍ പുതിയ പതിപ്പിലും ഒരുക്കിയിട്ടുണ്ട്. ബി.എസ്.6- II സംവിധാനത്തിലുള്ള എന്‍ജിനാണ് ഇതിലുള്ളത്. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഇത് 190 പി.എസ്. പവറും 320 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Related Articles

Back to top button