Auto
Trending

ഇന്ത്യയിലെ അവസാന പോളോയും വിറ്റു

ഇന്ത്യയിലെ പോളോയുടെ വില്‍പ്പന അവസാനിപ്പിക്കുന്നതിന് മുന്നോടിയായി പുറത്തിറക്കിയ പോളോ ലെജന്‍ഡ് എന്ന മോഡലിന്റെ അവസാനിത്തെ യൂണിറ്റിന്റെ വില്‍പ്പനയും പൂര്‍ത്തിയായതോടെ ഇന്ത്യയില്‍ പോളോ യുഗം അവസാനിച്ചിരിക്കുകയാണ്.ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ആദ്യമായി ഇന്ത്യയില്‍ നിര്‍മിച്ച വാഹനമാണ് പോളോ എന്ന ഹാച്ച്ബാക്ക്. ഇന്ത്യയില്‍ 2010-ല്‍ അവതരിപ്പിച്ച ഈ വാഹനം കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷം യൂണിറ്റ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ഫോക്‌സ്‌വാഗണ്‍ അറിയിച്ചിട്ടുള്ളത്.ഹരിയാനയിലെ ബല്ലാബ്ഗഡ് സ്വദേശിയാണ് പോളോയുടെ ഇന്ത്യയിലെ അവസാന യൂണിറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.പോളോയുടെ ഇന്ത്യയിലെ വില്‍പ്പന നിര്‍ത്തുന്നതിന് മുന്നോടിയായി ലെജന്റ് ലിമിറ്റഡ് എഡിഷന്‍ എന്ന പേരില്‍ 700 പോളോ കാറുകളാണ് ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ എത്തിച്ചത്. പോളോയുടെ അവസാന ലിമിറ്റഡ് എഡിഷന്‍ എന്ന ഖ്യാതിയുമായി ഇറങ്ങിയ ഈ വാഹനത്തില്‍ ബോഡി ഗ്രാഫിക്സ്, ബ്ലാക്ക് സ്‌പോയിലര്‍ തുടങ്ങിയ ഏതാനും സൗന്ദര്യവര്‍ധക ഫീച്ചറുകളാണ് നിര്‍മാതാക്കള്‍ നല്‍കിയിട്ടുള്ളത്. 10.25 ലക്ഷം രൂപയായിരുന്നു ഈ പ്രത്യേക പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.ഫോക്‌സ്‌വാഗണിന്റെ ബ്രാന്റില്‍ തന്നെ ഏറ്റവുമധികം ജനപ്രീതി സ്വന്തമാക്കിയിട്ടുള്ള വാഹനമാണ് പോളോ. രാജ്യാന്തര വിപണികളിലെ അഞ്ചാം തലമുറ മോഡലാണ് ഇന്ത്യയില്‍ എത്തിയത്. സ്‌പോര്‍ട്ടി ഡിസൈന്‍, ശക്തമായ സുരക്ഷ, രസകരമായ ഡ്രൈവിങ്ങ് എന്നി സവിശേഷതകള്‍ കൊണ്ട് യുവാക്കളുടെ ഇഷ്ടവാഹനമായി മാറാനും പോളോയിക്ക് സാധിച്ചിട്ടുണ്ട്.ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിക്കുകയാണെങ്കിലും മറ്റ് വിപണികളിലേക്കുള്ള കയറ്റുമതി തുടരുമെന്നാണ് വിവരം.അടുത്ത പത്ത് വര്‍ഷത്തേക്ക് കൂടി പോളോയുടെ സ്‌പെയര്‍ പാര്‍ട്‌സ് ഉള്‍പ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കുമെന്നാണ് ഫോക്‌സ്‌വാഗണ്‍ ബ്രാന്റ് ഡയറക്ടര്‍ ആശിഷ് ഗുപ്ത അറിയിച്ചിരുന്നത്.

Related Articles

Back to top button