Tech
Trending

5ജിയിൽ ചരിത്രംകുറിച്ച് വോഡഫോണ്‍-ഐഡിയ

ജിയോ അടക്കം ഇന്ത്യയിലെ മറ്റൊരു ടെലികോം സേവനദാതാവിനും കൈവരിക്കാനാവാത്ത വേഗമാണ് 5ജി ട്രയലില്‍ നേടാനായതെന്ന് വോഡഫോൺ–ഐഡിയ അവകാശപ്പെട്ടു. പുണെയില്‍ നടന്ന 5ജി പരീക്ഷണഘട്ടത്തില്‍ സെക്കന്‍ഡില്‍ 3.7 ഗിഗാബിറ്റ് (gbps) വേഗം രേഖപ്പെടുത്തി എന്നാണ് കമ്പനി പറയുന്നത്. അതേസമയം, മിഡ്ബാന്‍ഡില്‍ നടത്തിയ പരീക്ഷണങ്ങളില്‍ 1.5 ജിബിപിഎസ് വേഗം പുണെയിലും ഗാന്ധിനഗറിലും കൈവരിച്ചുവെന്നും കമ്പനി അറിയിച്ചു.വോഡഫോണ്‍ ഐഡിയയ്ക്ക് ഹൈ ഫ്രീക്വന്‍സി ബാന്‍ഡുകളായ 26 ഗിഗാഹെട്‌സും മറ്റും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം (ഡോട്ട്) നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതല്‍ പരമ്പരാഗതമായ 3.5 ഗിഗാഹെട്‌സ് സ്‌പെക്ട്രം ബാന്‍ഡിലുള്ള 5ജിയും പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. ഇവയിലെല്ലാം ട്രയല്‍ നടത്തുകയാണ് വി ഇപ്പോള്‍. പുണെയില്‍ തങ്ങളുടെ 5ജി പരീക്ഷണങ്ങള്‍ ലാബ് സെറ്റ്-അപ്പിലാണ് പുരോഗമിക്കുന്നത്, പരീക്ഷണത്തിനായി ക്ലൗഡ് കോറിന്റെ എന്‍ഡ്-ടു-എന്‍ഡ് ക്യാപ്റ്റീവ് നെറ്റ്‌വര്‍ക്ക് ആണ് പ്രയോജനപ്പെടുത്തുന്നതെന്നും കമ്പനി വക്താവ് പറഞ്ഞു. ഇത് പുതിയ തലമുറയിലെ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റേഡിയോ അക്‌സസ് നെറ്റ്‌വര്‍ക്ക് ആണെന്നും അവര്‍ അറിയിച്ചു. വളരെ കുറഞ്ഞ ലേറ്റന്‍സിയുള്ള മില്ലിമീറ്റര്‍ വേവ് (എംഎംവേവ്) സ്‌പെക്ട്രത്തില്‍ നടത്തിയ ടെസ്റ്റില്‍ ഡൗണ്‍ലോഡ് സ്പീഡ് 3.7 ജിബിപിഎസ് കടന്നു എന്നാണ് കമ്പനി പറയുന്നത്. ഇത് ഇന്ത്യയിലെ 5ജി സ്പീഡില്‍ പുതിയ റെക്കോഡാണ്. സര്‍ക്കാര്‍ അനുവദിച്ച 5ജി സ്പെക്ട്രം ബാന്‍ഡിലെ പ്രാരംഭ പരീക്ഷണങ്ങളില്‍ ഇത്രയും മികച്ച വേഗവും കാര്യക്ഷമതയും കൈവരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും രാജ്യത്തെ ഏറ്റവും വേഗമേറിയ 4ജിയോടൊപ്പം ഇപ്പോള്‍ 5ജിയും സാധ്യമാക്കിക്കൊണ്ട് ഭാവി ഭാരതത്തിന്‍റെ സംരംഭങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും യഥാര്‍ഥ ഡിജിറ്റല്‍ അനുഭവം ലഭ്യമാക്കുന്നതിന് വി അടുത്ത തലമുറ 5ജി സാങ്കേതികവിദ്യ പരീക്ഷിക്കുകയാണെന്നും വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു.

Related Articles

Back to top button