
വോഡഫോൺ ഐഡിയയ്ക്ക് വൻതിരിച്ചടി. കമ്പനിയെ കൈ വിട്ടിരിക്കുകയാണ് വരിക്കാർ. മുൻനിര ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയ്ക്ക് സെപ്റ്റംബറിൽ മാത്രം നഷ്ടമായിരിക്കുന്നത് 46.5 ലക്ഷം വരിക്കാരെയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്) പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമാക്കുന്നത്.

വോഡഫോൺ ഐഡിയിൽ നിന്ന് വരിക്കാർ പിൻമാറിയപ്പോൾ നേട്ടമുണ്ടായിരിക്കുന്നത് മറ്റ് കമ്പനികൾക്കാണ്. ഭാരതി എയർടെൽ 38 ലക്ഷം പുതിയ വയർലെസ് വരിക്കാരെയാണ് ചേർത്തിരിക്കുന്നത്. എന്നാൽ റിലയൻസ് ജിയോയ്ക്ക് 15 ലക്ഷം പേരെ മാത്രമാണ് പുതുതായി ചേർക്കാൻ സാധിച്ചത്. തുടർച്ചയായ രണ്ടാം മാസവും എയർടെലിൻറെ ഉപഭോക്തൃ അടിത്തറ ജിയോയേക്കാൾ വേഗത്തിൽ കുതിച്ചുയരുന്നു. എയർടെൽ വയർലെസ് ഉപഭോക്തൃ അടിത്തറ 1.17 ശതമാനം വർദ്ധിച്ച് 32.66 കോടിയായി. ജിയോയുടെ വളർച്ച 0.36 ശതമാനം ഉയർന്ന് 40.41 കോടിയുമായി. എന്നാൽ വോഡഫോൺ ഐഡിയയ്ക്ക് 46 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടതോടെ മൊത്തം വരിക്കാരുടെ എണ്ണം 29.55 കോടിയായി കുറഞ്ഞു.