
രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ ഒരു വർഷത്തെ കണക്കുകൾ പുറത്തു വിട്ടിരിക്കുകയാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ( ട്രായ്). കണക്കുകളിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടിരിക്കുന്നത് വോഡഫോൺ ഐഡിയയാണ്. ഒപ്പം മിക്ക കമ്പനികളും നഷ്ടങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. പക്ഷേ ഏറ്റവും കൂടുതൽ നേട്ടം കൊടുത്തിരിക്കുന്നത് ജിയോയാണ്.

ഒരു വർഷത്തിനിടെ വോഡഫോൺ ഐഡിയ ലിമിറ്റഡ് നാണ് ഏറ്റവും കൂടുതൽ വരിക്കാരെ നഷ്ടമായിരിക്കുന്നത്. കമ്പനിയുടെ വരിക്കാരുടെ എണ്ണം 20.6 ശതമാനം കുറഞ്ഞ് 33.3 കോടിയായി ചുരുങ്ങി. അതായത് 8.61 കോടി വരിക്കാരെയാണ് കമ്പനിക്ക് നഷ്ടമായത്. വോഡഫോൺ ഐഡിയയ്ക്ക് സമാനമായി ടാറ്റാ ടെലി സർവീസസ് ലിമിറ്റഡിനും ഭാരതി എയർടെൽ ലിമിറ്റഡിനും വരിക്കാരെ നഷ്ടമായിട്ടുണ്ട്. എന്നാൽ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിനും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിനും വരിക്കാരുടെ എണ്ണത്തിൽ നേട്ടമുണ്ടായി. ജിയോയിൽ 9.09 കോടി ഉപഭോക്താക്കൾ വർദ്ധിച്ചു. ഒപ്പം ബിഎസ്എൻഎലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തിലും 1.5 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി.