
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ വിവിധ സർക്കിളുകളിലുള്ള 3ജി സേവനങ്ങൾ അവസാനിപ്പിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. ഇതിൻറെ ഭാഗമായി എത്രയും പെട്ടെന്ന് എല്ലാവർക്കും 4ജിയിലേക്ക് മാറണമെന്നാവശ്യപ്പെട്ട് വരിക്കാർക്ക് കമ്പനി മെസേജുകൾ അയക്കുന്നുണ്ട്. ഇതിൻറെ തുടക്കമെന്നോണം ജനുവരി 15 നു മുൻപ് 4ജിയിലേക്ക് മാറാൻ ഡൽഹിയിലെ ഉപഭോക്താക്കളോട് കമ്പനി അറിയിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഈ പുതിയ മാറ്റം നിലവിലെ 4 ജി ഉപഭോക്താക്കളെ ബാധിക്കില്ല. കമ്പനിയുടെ നിലവിലുള്ള സ്പെക്ട്രം റീ-ഫാമിങിന്റെ ഭാഗമായാണ് ഈ പുതിയ നീക്കം. സിം 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത 3 ജി ഉപഭോക്താക്കൾക്ക് 2ജി വഴി വോയിസ് കോളിംഗ് സേവനം ലഭിക്കും. എന്നാൽ പഴയ സിം കണക്ഷനുകളിൽ ഡാറ്റാ സേവനങ്ങൾ ലഭ്യമാകില്ല. ഈയാഴ്ച ആദ്യംതന്നെ മുംബൈയിലെ എല്ലാ സൈറ്റുകളിലും 3ജി സ്പെക്ട്രം 4ജിയിലേക്ക് റീഫോം ചെയ്തു.3ജി സ്പെക്ട്രം 4ജിയിലേക്ക് മൈഗ്രേഷൻ ചെയ്യുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് മികച്ച കവറേജ്, നെറ്റ്വർക്ക് ഗുണനിലവാരം, ശക്തമായ ട്രാഫിക് ക്യാരേജ് കപ്പാസിറ്റി എന്നീ മൂന്നു ഗുണങ്ങളോടെ വി ഗിഗാനെറ്റ് 4ജി നൽകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.