
ബ്രിട്ടീഷ് ടെലികോം കമ്പനിയായ വോഡഫോണിന്റെ സി.ഇ.ഒ. നിക് റീഡ് സ്ഥാനമൊഴിയുന്നു. ഡിസംബര്‍ അവസാനത്തോടെ അദ്ദേഹം കമ്പനി വിടും. പദവി ഒഴിയാനുള്ള ഉചിതമായ സമയം ഇതാണെന്ന് നിക് റീഡ് വ്യക്തമാക്കി.ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ മാര്‍ഗരീത്ത ഡെല്ലാ വാലെ ഇടക്കാല സി.ഇ.ഒ.യായി ചുമതലയേല്‍ക്കുമെന്ന് കമ്പനി അറിയിച്ചു. 2018 ഒക്ടോബറിലാണ് വോഡഫോണിന്റെ സി.ഇ.ഒ പദവിയിലേയ്ക്ക് നിക് റീഡ് എത്തുന്നത്. ഈ നാല് വര്‍ഷത്തെ കാലയളവില്‍ വോഡഫോണിന്റെ ഓഹരി മൂല്യത്തില്‍ 45 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. നിക് റീഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കമ്പനി ബോര്‍ഡ് അതൃപ്തരായിരുന്നു.കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വോഡഫോണ്‍ കടുത്ത പ്രതിസന്ധിയിലാണ്. വോഡഫോണിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ ജര്‍മനിയില്‍ സ്ഥിതി കൂടുതല്‍ പരിതാപകരമായി. പുതിയ സി.ഇ.ഒ അധികാരമേല്‍ക്കുന്നതോടെ മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.