
വിയറ്റ്നാമിലെ നിരക്ക്കുറഞ്ഞ വിമാനക്കമ്പനിയായ വിയറ്റ് ജെറ്റ് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കുന്നു. ഡൽഹി, മുംബൈ, അഹമ്മദാബാദ് നഗരങ്ങളിലേക്ക് വിയറ്റ് ജെറ്റ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. ഇന്ത്യൻ സഞ്ചാരികളിൽനിന്നുള്ള പ്രതികരണം മികച്ചതായതിനാലാണ് കൂടുതൽ സർവീസുകളാരംഭിക്കാൻ വിയറ്റ് ജെറ്റ് മുന്നോട്ടുവന്നിട്ടുള്ളത്. ഹോചിമിൻ സിറ്റിയിൽ നിന്ന് ആഗസ്റ്റ് 12-നാണ് ആദ്യവിമാനം കൊച്ചിയിലേക്ക് പറന്നുയരുക. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിലായി ആഴ്ചയിൽ നാല് സർവീസുകളാണുണ്ടാവുക. കൊച്ചിയിൽനിന്ന് ഇന്ത്യൻസമയം രാത്രി 11.30 ന് പുറപ്പെട്ട് പ്രാദേശികസമയം രാവിലെ 6.40-ന് ഹോചിമിൻ സിറ്റിയിലെത്തും. തിരിച്ച് ഹോചിമിൻ സിറ്റിയിൽനിന്ന് പ്രാദേശികസമയം വൈകീട്ട് 7.20 ന്പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 10.50-ന് കൊച്ചിയിലെത്തും. യാത്രക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കിൽ സുഖകരമായ യാത്രയാണ് വിയറ്റ് ജെറ്റ് ഉറപ്പുനൽകുന്നത്. പുത്തൻ എ330, എ321 എയർക്രാഫ്റ്റുകളുമായി സർവീസ് നടത്തുന്ന വിയറ്റ്ജെറ്റ്, കുറഞ്ഞ നിരക്കിൽ വിമാനയാത്ര ലഭ്യമാക്കുന്ന എയർലൈനുകളുടെ മുൻപന്തിയിൽ സ്ഥാനംപിടിക്കുകയാണ്. ആസ്ട്രേലിയ, ജപ്പാൻ, കൊറിയ, തായ്വാൻ, മലേഷ്യ, സിങ്കപ്പൂർ, കസാഖിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലേക്കും സർവീസ്നടത്തുന്ന വിയറ്റ്ജെറ്റ് അഞ്ച് ഭൂഖണ്ഡങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കുകയാണ്. ഇതിനായി വലിയ എ330 അടക്കമുള്ള വിമാനങ്ങൾസ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ.