
മുപ്പത് വയസിന് താഴെയുള്ള യുവസംരംഭകരുടെ പട്ടികയിൽ ഇടംനേടി ബെംഗളൂരു സ്വദേശി. 26കാരി വിഭ ഹരീഷ് ആണ് ഫോബ്സിന്റെ ‘ഏഷ്യാസ് 30 അണ്ടർ 30’ പട്ടികയിൽ ഇടം നേടിയത്.ബെംഗളൂരു ആസ്ഥാനമായുള്ള കോസ്മിക്‌സ് എന്ന കമ്പനിയുടെ സ്ഥാപകയും സിഇഒയുമാണ് വിഭ.യുവസംരംഭകയായ വിഭ ഒരു എഞ്ചിനീയർ കൂടിയാണ്.

രാജ്യത്ത് അതിവേഗം വളരുന്ന സംരംഭമാണ് വിഭയുടെ ഹെർബൽ ന്യൂട്രീഷൻ സപ്ലിമെന്റ് കമ്പനിയായ കോസ്മിക്‌സ്.2020ലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ ഏകദേശം 2 കോടി രൂപയുടെ വിറ്റുവരവാണ് കോസ്മിക്സ് നേടിയത്. പോഷകാഹാരത്തിന്റെ അഭാവമാണ് സ്ത്രീകളിലും കുട്ടികളിലുമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്ന് തിരിച്ചറഞ്ഞതോടെയായിരുന്നു വിഭ തന്റെ സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്.വിദേശത്തെ ഹെർബലിസത്തിൽനിന്നും നമ്മുടെ രാജ്യത്തെ ആയുർവേദത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സ്വയം ഉത്പന്നങ്ങൾ തയ്യാറാക്കിയായിരുന്നു തുടക്കം.കുടൽ, കരൾ, ഉറക്കം, മുടി, ചർമ്മം എന്നിവയുടെ ആരോഗ്യം കാത്ത് സംരക്ഷിക്കുന്നതിനായി കോസ്മിക്സിൽ എട്ടോളം ഉത്പന്നങ്ങളുണ്ട്. അംഗൻവാടിയിലെ പോഷകാഹാരക്കുറവുള്ള കുട്ടികൾക്കായി സൂപ്പർഫുഡ് ബാറുകൾ നിർമ്മിക്കുന്നതിനുള്ള ഉത്പന്നങ്ങളും കമ്പനിയിൽ ലഭ്യമാണ്.