
വരിക്കാരിലേക്ക് വ്യത്യസ്തമായ ദൃശ്യാനുഭവം എത്തിക്കാൻ സിലിക്കൺവാലി കേന്ദ്രീകരിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ സ്റ്റോറി പ്രസിദ്ധീകരണ പ്ലാറ്റ്ഫോമായ ഫയർവർക്കുമായി സഹകരിക്കാനൊരുങ്ങുകയാണ് ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാക്കളായ വി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടെലികോം സേവനദാതാവ് കഥകൾ വീഡിയോ പതിപ്പിൽ അവതരിപ്പിക്കുന്നത്.

വി മൂവീസിലെയും ടിവി ആപ്പിലേയും ബഹുമുഖ ഭാഷകളിലുള്ള ലൈവ് ടിവി, സിനിമകൾ, വെബ് സീരീസുകൾ തുടങ്ങിയ വിവിധ തരത്തിലുള്ള ഒടിടി കമ്പനികളിൽ നിന്നുള്ള ഉള്ളടക്കങ്ങളാണ് തങ്ങൾ നൽകുന്നതെന്നും ഫയർ വർക്കുമായി സഹകരിക്കുന്ന ആദ്യ ഇന്ത്യൻ ടെലികോം സേവനദാതാക്കളാണ് വി എന്നതിൽ സന്തോഷമുണ്ടെന്നും വി ചീഫ് മാർക്കറ്റിംഗ് ഓഫീസർ അവ്നീഷ് ഖോസ്ല പറഞ്ഞു. 30 സെക്കൻഡിൽ വിനോദം എത്തിക്കുന്ന തരത്തിലാണ് ഫോർമാറ്റ് ചെയ്തിരിക്കുന്നതെന്നും വിനോദത്തിന് ഏറ്റവും പ്രിയപ്പെട്ട സ്ക്രീനായ മൊബൈലിൽ ആളുകൾ ഹൃസ്വ വീഡിയോകൾ കാണുന്ന സമയം വളരെയധികം വർധിച്ചിട്ടുണ്ടെന്നും ഫയർ വർക്കുമായുള്ള ഈ സഹകരണത്തിലൂടെ കമ്പനിയുടെ വരിക്കാർക്ക് വിവിധ ഭാഷകളിലും വിവിധതരത്തിലുമുള്ള വീഡിയോ കഥകൾ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും മികച്ച ഹ്രസ്വ വീഡിയോ ഉള്ളടക്കങ്ങൾ ഉപഭോക്താക്കൾക്ക് 40 വിഭാഗങ്ങളിലായി വിവിധ ഭാഷകളിൽ എത്തിക്കുമെന്ന് ഫയർ വർക്ക് മൊബൈൽ പ്രസിഡൻറ് ആനന്ദ് വിദ്യാനന്ദ് പറഞ്ഞു.