
ഇക്കഴിഞ്ഞ ഡിസംബറിലും വാഹന വിൽപ്പനയിൽ മികച്ച നേട്ടം കൊയ്ത് കമ്പനികൾ. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി 2019 ഡിസംബറിലേതിനേക്കാൾ 20 ശതമാനം വിൽപ്പന വളർച്ചയാണ് നേടിയത്. കമ്പനി 1.60 ലക്ഷം കാറുകളാണ് ഡിസംബറിൽ വിറ്റത്. ഒക്ടോബർ-ഡിസംബർ കാലയളവിൽ ആകെ 4.95 ലക്ഷം യൂണിറ്റുകൾ വിപണിയിലെത്തിച്ചു. കയറ്റുമതി മുൻവർഷത്തെ അപേക്ഷിച്ച് 31.4 ശതമാനം വർധിച്ച് 9,938 എണ്ണത്തിലെത്തി. മുൻവർഷമിത് 7,561 എണ്ണമായിരുന്നു.

രാജ്യത്തെ രണ്ടാമത്തെ വലിയ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി ഡിസംബറിൽ 33.14 ശതമാനം വിൽപ്പന വളർച്ച നേടി. മുൻവശത്തെ 50,135 യൂണിറ്റുകളിൽ നിന്ന് 66,750 യൂണിറ്റുകളിലേക്ക് വിൽപന ഉയർന്നു. കമ്പനിയുടെ ഒരു മാസത്തെ എക്കാലത്തെയും ഉയർന്ന നിലവാരമാണിത്. ടാറ്റാ മോട്ടോഴ്സ് മുൻവർഷത്തെ അപേക്ഷിച്ച് 84 ശതമാനത്തിന്റെ വിൽപ്പന വളർച്ച സ്വന്തമാക്കി. 2019 ഡിസംബറിലെ 12,785 എണ്ണത്തിൽ നിന്ന് 23,546 എണ്ണത്തിലേക്ക് വിൽപന ഉയർന്നു. 8.5 ശതമാനം വിപണി വിഹിതമാണ് ഇപ്പോൾ ടാറ്റയ്ക്കുള്ളത്. എന്നാൽ മഹീന്ദ്രയുടെ വിൽപ്പനയിൽ 10.3 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. മുൻവർഷത്തെ 39,230 എണ്ണത്തിൽ നിന്ന് വിൽപ്പന 35,187 എണ്ണമായി കുറഞ്ഞു.