Auto
Trending

ഇലക്ട്രിക് കിങ്ങ് ആകാന്‍ ഹമ്മര്‍

വാഹന ലോകത്തിലെ കരുത്തരിൽ കരുത്തനെന്ന് വേണം ഹമ്മർ എന്ന വാഹനത്തെ വിശേഷിപ്പിക്കാൻ. പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങളോട് വിടപറഞ്ഞ് ഇലക്ട്രിക് കരുത്തിൽ എത്തുമ്പോഴും ഈ വിശേഷണം ഹമ്മറിന് അന്യം നിന്ന് പോകുന്നില്ല. അതുകൊണ്ടുതന്നെയാണ് ബുക്കിങ്ങ് തുറന്നപ്പോൾ തന്നെ ഈ വാഹനം വിറ്റുത്തീർന്നതും. ഒടുവിൽ ഹമ്മർ ഇ.വിയുടെ വിതരണം ആരംഭിച്ചതാണ് ഈ വാഹനവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ വിശേഷം.ഇലക്ട്രിക് കരുത്തിലുള്ള പിക്ക്അപ്പ് ട്രക്കായാണ് ഹമ്മർ ഇ.വി. എത്തിയിട്ടുള്ളത്. അമേരിക്കൻ വാഹന വിപണിയിൽ എത്തുന്ന രണ്ടാമത്തെ ഇലക്ട്രിക് പിക്ക്അപ്പ് ട്രക്കാണിത്. റിവിയാൻ ആർ1ടി-യാണ് ഈ സെഗ്മെന്റിലെ ഇലക്ട്രിക് വാഹനങ്ങളിലെ തുടക്കകാരൻ. ഹമ്മർ ഇലക്ട്രിക്കിന്റെ ഡിസൈൻ, ഫീച്ചറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ നിർമാതാക്കൾ മുമ്പ് തന്നെ ടീസറിലൂടെ വെളിപ്പെടുത്തിയിരുന്നു. കാഴ്ചയിൽ കേമനാണെങ്കിലും റേഞ്ചാണ് ഈ വാഹനത്തിന്റെ ഹൈലൈറ്റ്. 560 കിലോമീറ്റർ റേഞ്ചാണ് ഈ വാഹനത്തിന് ഉറപ്പുനൽകുന്നത്. 800 വോൾട്ട് ചാർജർ ഉപയോഗിച്ച് 40 മിനിറ്റ് കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാം. 10 മിനിറ്റ് ചാർജ് ചെയ്താൽ 100 മൈൽ സഞ്ചരിക്കാമെന്നും കമ്പനി അറിയിച്ചു.ഇലക്ട്രിക് കരുത്തിലേക്ക് മാറുമ്പോഴും വേഗതയിലും പവറിലും ഹമ്മർ വിട്ടുവീഴ്ച വരുത്തിയിട്ടില്ല. ഈ വാഹനത്തിൽ പ്രവർത്തിക്കുന്ന മൂന്ന് മോട്ടോറുകൾ ചേർന്ന് 1000 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കും. കേവലം മൂന്ന് സെക്കന്റിൽ പൂജ്യത്തിൽനിന്ന് 100 കിലോ മീറ്റർ വേഗത കൈവരിക്കാനും സാധിക്കും. മുമ്പ് ഹമ്മർ എസ്.യു.വി. ഉപയോഗിച്ചിട്ടുള്ളവർക്ക് ആ വാഹനത്തിൽ ലഭിച്ചിരുന്ന ഡ്രൈവിങ്ങ് അനുഭവം ഇലക്ട്രിക് വാഹനവും നൽകുമെന്നും കമ്പനി ഉറപ്പു നൽകുന്നു.പുതുതലമുറ ഫീച്ചറുകളും ഈ വാഹനത്തിനുള്ളിൽ നൽകുന്നുണ്ട്. കൂടുതൽ പ്രകൃതി സൗഹാർദമാകുന്നതിനൊപ്പം സാങ്കേതികവിദ്യയിലും ഈ വാഹനം ഒരുപടി മുന്നിലാണ്. 13.4 ഇഞ്ച് ഡയഗോണൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള ഡ്രൈവർ ഇൻഫർമേഷൻ ഡിസ്പ്ലേ, ആകർഷകമായ സീറ്റുകൾ തുടങ്ങിയവ അകത്തളത്തിൽ ഒരുങ്ങും. 60.28 ലക്ഷം രൂപ (80,000 ഡോളർ) മുതൽ 83.11 ലക്ഷം രൂപ(1,10,295 ഡോളർ ) വരെയാണ് ഈ വാഹനത്തിന്റെ വില.

Related Articles

Back to top button