
ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇത്തവണ നിരക്കുവര്‍ധന കാല്‍ ശതമാനത്തിലൊതുക്കി. തുടര്‍ച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്ക് വര്‍ധന പ്രഖ്യാപിക്കുന്നത്. ഇതോടെ അടിസ്ഥാന നിരക്ക് 4.75-5 ശതമാനമായി. ഈ വര്‍ഷം അവസാനത്തോടെ കാല്‍ ശതമാനംകൂടി നിരക്ക് വര്‍ധനയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പം രണ്ടു ശതമാനത്തില്‍ നിലനിര്‍ത്താനാണ് ശ്രമമെന്ന് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് സമതി അറിയിച്ചു. പരമാവധി തൊഴിലവസരം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നിരക്ക് വര്‍ധന പ്രഖ്യാപിച്ചതോടെ ട്രഷറി ആദായത്തില്‍ കുറവുണ്ടായി. ഡോളര്‍ സൂചികയും താഴന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയാണ് ഫെഡ് റിസര്‍വിനെ നിരക്ക് വര്‍ധനവിന്റെ വേഗം കുറയ്ക്കാന്‍ പ്രേരിപ്പിച്ചത്. പിന്നാലെ സിഗ്നേച്ചര്‍ ബാങ്കുള്‍പ്പടെയുള്ളവ പ്രതിസന്ധി നേരിട്ടത് ബാങ്കിങ് മേഖലയില്‍ ആശങ്കയുണ്ടാക്കി.