Big B
Trending

ക്രെഡിറ്റ് കാർഡിന് സമാനമായി യു.പി.ഐ വഴി ഇനി ഇടപാട് നടത്താം

ക്രെഡിറ്റ് കാര്‍ഡ് പോലെ യുപിഐ വഴിയും ഇടപാട് നടത്താനുള്ള സംവിധാനം ആര്‍ബിഐ പ്രഖ്യാപിച്ചു. പണവായ്പ നയ പ്രഖ്യാപനത്തിനിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് പുതിയ സംവിധാനം പ്രഖ്യാപിച്ചത്. പുതിയ ഉത്പന്നങ്ങളും സാധ്യതകളും വഴി യുപിഐയുടെ ഇടപാട് മേഖല വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളിലെ ഡെപ്പോസിറ്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചാണ് നിലവില്‍ യുപിഐ സംവിധാനം പ്രവര്‍ത്തിക്കുന്നത്. വായ്പാ വിതരണ മേഖലയിലേക്കും സാധ്യതകള്‍ വിപുലീകരിക്കുകയാണ് പുതിയ സംവിധാനത്തിലൂടെ. വാലറ്റുകള്‍ ഉള്‍പ്പടെയുള്ള ഇടനിലാക്കാര്‍ വഴിയാണ് പ്രീ പെയ്ഡ് വായ്പാ സംവിധാനം നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മുന്‍കൂട്ടി അനുവദിക്കുന്ന വായ്പാ തുകയില്‍നിന്ന് യു.പി.ഐ വഴി പണമിടപാട് സാധ്യമാക്കുന്നതാണ് പുതിയ സംവിധാനം. അതായത് ബാങ്കുകള്‍ അനുവദിക്കുന്ന വായ്പാ പരിധിയില്‍ നിന്നുകൊണ്ട് യു.പി.ഐ വഴി ഇടപാട് നടത്താമെന്നതാണ് പ്രത്യേകത. കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനോ ഒഴിവാക്കാനോ പുതിയ സംവിധാനംവഴി കഴിയും. അതേസമയം, ബൈ നൗ പേ ലേറ്റര്‍ -ല്‍നിന്ന് വ്യത്യസമായിരിക്കും യുപിഐ ക്രെഡിറ്റ് ഇടപാടെന്നും ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജ്വേശര റാവു പറഞ്ഞു.ഡിജിറ്റല്‍ വായ്പാ മേഖലയില്‍ കുതിച്ചുചാട്ടത്തിനുതന്നെ സംവിധാനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. തടസ്സങ്ങളില്ലാതെ ഇടപാട് സാധ്യമാക്കാന്‍ യുപിഐ വഴി കഴിയും. കാര്‍ഡ് പോലുള്ള സംവിധാനങ്ങളില്ലാതെതന്നെ നിലവിലെ യുപിഐ ഇടപാട് രീതി പിന്തുടരുന്നതിനാല്‍ പദ്ധതി ജനകീയമാകാന്‍ ഉപകരിക്കും.

Related Articles

Back to top button