Big B
Trending

അവസാന സമ്പൂർണ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. രാവിലെ 11 മണിയ്ക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മുൻവർഷത്തേതുപോലെ ഇക്കുറിയും പേപ്പർലെസ് ബജറ്റായിരുന്നു. പൗരന്മാർക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് മതിയായ അവസരം, വളർച്ചയ്ക്കും തൊഴിലവസരം സൃഷ്ടിക്കുന്നതിനും പ്രചോദനം, സമ്പദ്‍വ്യവസ്ഥയെ സുസ്ഥിരമാക്കുക എന്നീ മൂന്നിനങ്ങളിൽ ഊന്നിയാണ് സാമ്പത്തിക അജണ്ടെന്നും മന്ത്രി ബജറ്റ് അവതരണത്തിനിടെ ചൂണ്ടിക്കാട്ടി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാനത്തെ സമ്പൂര്‍ണ ബജറ്റില്‍ അടിസ്ഥാന സൗകര്യവികസനത്തിനും വിദ്യാഭ്യാസമേഖലയ്ക്കും ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഹരിതോര്‍ജ പദ്ധതികള്‍ക്കായി 35,000 കോടിയും വകയിരുത്തിയിട്ടുണ്ട്.

സ്വര്‍ണം, വെള്ളി, വജ്രം, സിഗരറ്റ്, ഇറക്കുമതി ചെയ്യുന്ന റബര്‍, ഇറക്കുമതി ചെയ്യുന്ന സൈക്കിള്‍-കളിപ്പാട്ടങ്ങള്‍ എന്നിവയ്ക്ക് വില കൂടും. അതേസമയം ഇന്ത്യന്‍ നിര്‍മിത മൊബൈല്‍ ഫോണ്‍ പാര്‍ട്‌സുകള്‍, കാമറ ലെന്‍സുകള്‍ക്കും വില കുറയും. ടി.വി. പാനലുകളുടെ ഭാഗങ്ങള്‍, ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണ മേഖലയ്ക്കു വേണ്ടുന്ന അസംസ്‌കൃത വസ്തുക്കള്‍ക്കും വില കുറയും. അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനും ഹരിതോര്‍ജത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ പദ്ധതികള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. രാജ്യത്ത് അന്‍പത് വിമാനത്താവളങ്ങള്‍ നിര്‍മിക്കും, നഗരവികസനത്തിനായി പ്രതിവര്‍ഷം 10,000 കോടി വീതം വകയിരുത്തും. പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരമുള്ള ഭവന നിര്‍മാണത്തിന് 79,000 കോടി വകയിരുത്തും തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 2070-ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്ന് ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പ്രതിരോധ മേഖലയ്ക്കുള്ള ബജറ്റ് 6.2 ലക്ഷം കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ ഇടത്തരം-ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ക്രെഡിറ്റ് ഗാരന്റി പദ്ധതിക്കായി 9,000 കോടിയും വകയിരുത്തിയിട്ടുണ്ട്.

ആദായനികുതി ഇളവ് പരിധി ഏഴുലക്ഷമായി ഉയര്‍ത്തിയതാണ് ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന്. പുതിയ ആദായ നികുതി സ്‌കീമില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് ഈ മാറ്റം ബാധകം. പഴയ സ്‌കീം അനുസരിച്ച് മൂന്നുലക്ഷം വരെയാണ് നികുതി ഇളവ് ലഭിക്കുക.സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് എന്‍കാഷ്മെന്റിനുള്ള നികുതിയിളവിനുള്ള പരിധി മൂന്നുലക്ഷത്തില്‍നിന്ന് 25 ലക്ഷമായി ഉയര്‍ത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. ആദിവാസി മേഖലിലെ വിദ്യാഭ്യാസ വികസനത്തിന് 748 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ആരംഭിക്കും. രാജ്യത്ത് പുതുതായി 157 നഴ്‌സിങ് കോളേജുകള്‍ സ്ഥാപിക്കുമെന്നും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി ഡിജിറ്റല്‍ ലൈബ്രറി സൗകര്യം ലഭ്യമാക്കുമെന്നും ബജറ്റില്‍ പറയുന്നു. കാര്‍ഷിക മേഖലയ്ക്ക് പ്രത്യേകം പരിഗണന നല്‍കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. കാര്‍ഷിക വായ്പ 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും. 2,200 കോടിയുടെ ഹോര്‍ട്ടി കള്‍ച്ചര്‍ പാക്കേജ്, മത്സ്യബന്ധനരംഗത്തെ വികസനത്തിന് 6,000 കോടി തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.

Related Articles

Back to top button