Big B
Trending

അഞ്ചു ടയർ കമ്പനികൾക്ക്​ വൻ തുക പിഴയിട്ട്​ കോമ്പറ്റീഷൻ കമ്മീഷൻ

ക്രോസ് പ്ലൈ ഇനം ടയറുകളുടെ വില സംഘടിതമായി കൂട്ടാൻ ശ്രമിച്ചതിന് അഞ്ച് വൻകിട ടയർ കമ്പനികൾക്ക് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) 1788 കോടി രൂപ പിഴചുമത്തി. ഇവരുടെ സംഘടനയായ ആത്മയ്ക്കും(ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചേഴ്സ് അസോസിയേഷൻ) പിഴയിട്ടിട്ടുണ്ട്.എം.ആർ.എഫ്. (622.09 കോടി), അപ്പോളോ ടയേഴ്സ് (425.53 കോടി), സിയാറ്റ് (252.16 കോടി), ജെ.കെ. ടയേഴ്സ് (309.95 കോടി), ബിർള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്. ആത്മയുടെ പിഴ നാമമാത്രമാണ്- 8.4 ലക്ഷം രൂപ.2018 ഓഗസ്റ്റ് 31-നാണ് സി.സി.ഐ. ഇതുസംബന്ധിച്ച അന്തിമ ഉത്തരവിറക്കിയത്. എന്നാൽ, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാൽ പുറത്തുവിട്ടിരുന്നില്ല. ഇത് ഡിവിഷൻ ബെഞ്ച് ജനുവരി ആറിന് തള്ളി. തുടർന്ന്, സുപ്രീംകോടതിയിൽ നൽകിയ പ്രത്യേകാനുമതി ഹർജിയും തള്ളിയതിനെത്തുടർന്നാണ് സി.സി.ഐ. കഴിഞ്ഞദിവസം ഉത്തരവ് പുറത്തുവിട്ടത്.വിപണിയിൽ കൃത്രിമമായി വില നിശ്ചയിക്കുന്ന സാഹചര്യം ഇല്ലാതാക്കലാണ് സി.സി.ഐ.യുടെ ദൗത്യം. ഏത് ഉത്പന്നമായാലും മത്സരമുണ്ടാകുമ്പോൾ വിലകുറയുകയും ഉപഭോക്താവിന് ഗുണമാകുകയുംചെയ്യും. ഒരേ ഉത്പന്നം വിൽക്കുന്ന കമ്പനികൾ സംഘടിതമായി വില നിശ്ചയിച്ചാൽ ഉപഭോക്താവിനാണ് നഷ്ടം.ഈ തത്ത്വത്തിലധിഷ്ഠിതമായ നിയമങ്ങൾ ലംഘിച്ചതിനാണ് നടപടി. ഇതുസംബന്ധിച്ച് ഓൾ ഇന്ത്യ ടയർ ഡീലേഴ്സ് ഫെഡറേഷനാണ്(എ.ഐ.ടി.ഡി.എഫ്.) പരാതി നൽകിയത്. ഉത്തരവ് ചോദ്യംചെയ്ത് നാഷണൽ കമ്പനിനിയമ അപ്പലേറ്റ് ട്രിബ്യൂണലിനെ (എൻ.സി.എൽ.എ.ടി.) സമീപിക്കാനൊരുങ്ങുകയാണ് കമ്പനികൾ.

Related Articles

Back to top button