
ശബ്ദ അധിഷ്ഠിത ചറ്റുകൾക്ക് ജനപ്രീതിയേറിയതോടെ ഇത്തരത്തിലുള്ള ചാറ്റ് റൂം ഫീച്ചറായ സ്പേസസ് പ്ലാറ്റ്ഫോം ബീറ്റ പരീക്ഷണത്തിനായി കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ട്വിറ്റർ.ഐഒഎസിൽ മാത്രം ലഭ്യമായിട്ടുള്ള ക്ലബ് ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്പാണ് ഇതിൻറെ പ്രധാന എതിരാളി. നിലവിൽ 1000 പേരിൽ മാത്രം പരീക്ഷിച്ച് വരുന്ന സ്പേസസ് ഇനി 3000 പേരിലേക്ക് കൂടി എത്തും. കൂടാതെ ഏതാനും ആഴ്ചകൾക്കകം തന്നെ ഇത് എല്ലാ ഉപഭോക്താക്കൾക്കുമായി ലഭ്യമാകും.

ക്ലബ് ഹൗസ് എന്ന ആപ്പിന് ജനപ്രീതി വർദ്ധിച്ചു തുടങ്ങിയതോടെയാണ് സ്പേസസ് പ്ലാറ്റ്ഫോമിൻറെ ബീറ്റാ പരീക്ഷണം ട്വിറ്റർ ശക്തമാക്കിയത്. ഈ ആപ്പിലൂടെ ഉപഭോക്താവിന് ഒരു വോയ്സ് ചാറ്റ് റൂം സൃഷ്ടിക്കാനാകും. ആളുകളുമായി കൂടുതൽ അടുപ്പത്തോടെ സംസാരിക്കാൻ അവസരമൊരുക്കുക എന്നതാണ് ഈ സൗകര്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഒന്നിലധികം ആളുകളെ ഗ്രൂപ്പിൽ ചേർക്കാനും ആരെല്ലാമാണ് ഗ്രൂപ്പിൽ പങ്കെടുക്കുന്നതെന്നും ആരാണ് സംസാരിക്കുന്നതെന്നും കാണാനും ഉപഭോക്താവിന് സാധിക്കും. മറ്റുള്ള ഉപഭോക്താക്കൾക്ക് ഗ്രൂപ്പിൽ ചേരാനും ചർച്ചയുടെ ഭാഗമാകാനും അപേക്ഷിക്കാനുള്ള അവസരവും ആപ്പിലുണ്ട്.