ട്വിറ്റര്‍ ഹാഷ്ടാഗുകൾ രാഷ്ട്രീയ പരസ്യമായി കണക്കാക്കണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിദഗ്ധ സമിതി

തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെയുള്ള ട്വിറ്റർ ഹാഷ്ടാഗ് പ്രചാരണങ്ങളെ രാഷ്ട്രീയ പരസ്യങ്ങളായി പരിഗണിക്കണമെന്ന് കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വിദഗ്ധ സമിതി.ആഗോള തലത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ സംവാദങ്ങൾ നടക്കുന്നയിടമാണ് ട്വിറ്റർ.

സമൂഹമാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങൾ കണ്ടെത്താൻ ജില്ലാ ഇലക്ഷൻ ഓഫീസറുടെ ഓഫീസിൽ പ്രത്യേക സോഷ്യൽ മീഡിയാ നിരീക്ഷണ സെൽ രൂപീകരിക്കണമെന്നും ജനുവരിയിൽ പോൾ പാനലിന് മുമ്പാകെ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.ഉപയോക്താക്കൾ പങ്കുവെക്കുന്ന ട്വീറ്റുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനായാണ് ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നത്.ഹാഷ്ടാഗുകൾക്ക് പ്രചാരം വർധിക്കുന്നുണ്ടെങ്കിൽ അത് മുന്നോട്ടുവെക്കുന്ന വിഷയത്തിന് അത്രയേറെ പ്രചാരം ലഭിക്കുന്നുണ്ടെന്നാണ് അത് സൂചിപ്പിക്കുന്നത്.ഇക്കാരണം കൊണ്ടാവാം തിരഞ്ഞടുപ്പ് കാലത്ത് സൃഷ്ടിക്കപ്പെടുന്ന ഹാഷ്ടാഗുകൾക്ക് രാഷ്ട്രീയ പ്രാധാന്യം ഉണ്ടെന്ന നിരീക്ഷണത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിദഗ്ധ സമിതി എത്തിയത്.