
ട്വിറ്ററിൽ വീണ്ടും അക്കൗണ്ട് വെരിഫിക്കേഷൻ പ്രോസസ് ആരംഭിച്ചു. വെരിഫൈഡ് അക്കൗണ്ടുകൾ ആളുകൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് 2017 നവംബറിൽ വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്ന പ്രക്രിയ ട്വിറ്റർ നിർത്തിവച്ചത്. ഇക്കഴിഞ്ഞ ജനുവരി 22 മുതലാണ് ബ്ലൂ ടിക്ക് വെരിഫിക്കേഷൻ ബാഡ്ജ് നൽകുന്ന പ്രക്രിയ വീണ്ടും ആരംഭിച്ചത്.

2021 ൽ വെരിഫിക്കേഷൻ പ്രോസസ് പുനരാരംഭിക്കുമെന്ന് കഴിഞ്ഞ വർഷം നവംബറിൽ ട്വിറ്റർ പ്രഖ്യാപിച്ചിരുന്നു. ഒപ്പം പുതിയ വെരിഫിക്കേഷൻ പോളിസിയിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഈ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി പരിഷ്കരിച്ച പോളിസിയിൽ വെരിഫിക്കേഷൻ എന്നാൽ എന്താണെന്നും ആരെല്ലാം വെരിഫിക്കേഷന് അർഹയാണെന്നും വെരിഫിക്കേഷൻ എന്തെല്ലാം കാരണം കൊണ്ട് നഷ്ടപ്പെട്ടേക്കാമെന്നും കൃത്യമായി നിർവചിച്ചിട്ടുണ്ട്. അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ വെരിഫിക്കേഷൻ പ്രോസസ് ആളുകൾ അംഗീകാരമായും പ്രാധാന്യം നൽകുന്നതിനുള്ള അടയാളമായും വ്യാഖ്യാനിക്കാൻ തുടങ്ങിയതോടെയാണ് വീണ്ടും വെരിഫിക്കേഷൻ പ്രോസസ് കൊണ്ടുവരാൻ ഗൂഗിൾ നിർബന്ധിക്കപ്പെട്ടത്. സജീവമല്ലാത്തതും പൂർണ്ണ വിവരങ്ങൾ നൽകാത്തതുമായ അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ പിൻവലിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലെ ജനപ്രീതി, ഫോളോവർമാരുടെ എണ്ണം ഉൾപ്പെടെ മറ്റു പല മേഖലകളിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തികൾക്ക് വ്യക്തമായ രേഖകളുടെ അടിസ്ഥാനത്തിൽ വെരിഫിക്കേഷൻ ലഭിക്കും. സർക്കാർ കമ്പനികൾ, ബ്രാൻഡുകൾ, വാർത്താ സ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് ഇപ്പോൾ വെരിഫിക്കേഷനായി അപേക്ഷിക്കാം.