Auto
Trending

ഇലക്ട്രിക് കാറുകളോട് പ്രിയം കൂടുന്നു; വില്‍പ്പനയില്‍ 41 ശതമാനം വര്‍ധനവ്

ആഗോളതലത്തിൽ വൈദ്യുത കാറുകളുടെ വില്പന കഴിഞ്ഞ വർഷം 41 ശതമാനം വർധിച്ചു. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ (ഐ.ഇ.എ.) ഗ്ലോബൽ ഇലക്ട്രിക് വെഹിക്കിൾ ഔട്ട്ലുക്ക് 2021 റിപ്പോർട്ടിലേതാണ് ഈ കണ്ടെത്തൽ. 2020-ൽ ഇലക്ട്രിക് കാർ വിപണിയിൽ തകർച്ച നേരിടുമെന്നാണ് മിക്കവരും പ്രതീക്ഷിച്ചിരുന്നത്.പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇപ്പോഴും മുതൽമുടക്ക് കൂടുതലാണെന്നതാണ് ഇതിനു കാരണം. എന്നാൽ, ഈ ധാരണകളെ മാറ്റിമറിച്ചുകൊണ്ട് ഏകദേശം 30 ലക്ഷം പുതിയ ഇലക്ട്രിക് കാറുകളാണ് ലോക വ്യാപകമായി കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുള്ളത്.


12,000 കോടി ഡോളറാണ് ഇതിനായി ഉപഭോക്താക്കൾ ചെലവഴിച്ചിട്ടുള്ളതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.14 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിറ്റ് ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന വിപണിയെന്ന നേട്ടം ആദ്യമായി യൂറോപ്പ് സ്വന്തമാക്കി. ഇരട്ടിയിലധികം വർധനയാണ് യൂറോപ്പിന്റെ ഇലക്ട്രിക് കാർ വില്പനയിൽ കഴിഞ്ഞ വർഷം ഉണ്ടായത്.കാർബൺ പുറന്തള്ളൽ മാനദണ്ഡങ്ങൾ ശക്തമാക്കിയതും വിവിധ ആനുകൂല്യങ്ങളുമടക്കം ഓരോ രാജ്യവും ഇലക്ട്രിക് വാഹനങ്ങളുടെ വില്പന പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നയപരമായ ഇടപെടലുകളാണ് ആഗോളതലത്തിൽ ഇലക്ട്രിക് വാഹന വില്പനയിലെ വളർച്ചയ്ക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button