
കർഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ചില ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടുള്ള സർക്കാർ ഉത്തരവുമായി ബന്ധപ്പെട്ടുള്ള ട്വിറ്ററിന്റെ ബ്ലോഗ് പോസ്റ്റ് അസാധാരണമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം. അധികം വൈകാതെ തന്നെ ഈ ബ്ലോഗ് പോസ്റ്റിന് മറുപടി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സർക്കാരിൻറെ ആവശ്യമനുസരിച്ച് ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന ബ്ലോഗ് പോസ്റ്റാണ് ട്വിറ്റർ പങ്കുവെച്ചത്. മാധ്യമ സ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, രാഷ്ട്രീയ നേതാക്കൾ എന്നിവരെ ബ്ലോക്ക് ചെയ്യില്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്നും ട്വിറ്റർ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞിരുന്നു. സർക്കാറുമായി കൂടിക്കാഴ്ച നടത്തണമെന്ന ട്വിറ്ററിന്റെ അഭ്യർത്ഥന മാനിച്ച് ഐടി സെക്രട്ടറി ട്വിറ്ററിനെ സീനിയർ മാനേജ്മെൻറുമായി ചർച്ച നടത്താനിരിക്കുകയായിരുന്നു. അതിന് മുൻപ് തന്നെ ട്വിറ്റർ പങ്കുവെച്ച ബ്ലോഗ് പോസ്റ്റ് അസാധാരണമാണെന്നും സർക്കാർ പിന്നീട് പ്രതികരിക്കുമെന്നും ഇന്ത്യൻ സോഷ്യൽ നെറ്റ്വർക്ക് പ്ലാറ്റ്ഫോമായ ക്യൂവിലും ട്വിറ്ററിലും പങ്കുവെച്ച പോസ്റ്റൽ മന്ത്രാലയം പറഞ്ഞു.