
മലയാളത്തിലും സമ്പൂർണമായ ഒരു വീഡിയോ കേന്ദ്രീകൃത ഇ- ലേണിംഗ് സംവിധാനം ഒരുക്കിയിരിക്കുകയാണ് പുത്തൻ സ്റ്റാർട്ടപ്പായ ട്രൈക്കിൾ. കോഴിക്കോട്ടെ സൈബർ ആസ്ഥാനമായാണ് ഈ സംരംഭം പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം മെച്ചപ്പെടുത്തുക, കുട്ടികളുടെ കലാ നൈപുണ്യം വളർത്തിയെടുക്കുക, വിദ്യാർത്ഥികളുടെ കഴിവുകൾ വളർത്തിയെടുക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി സംരംഭകർ എട്ടു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോകളിലൂടെ വിവിധ വിദ്യാഭ്യാസ പ്രോഗ്രാമുകൾ വിദ്യാർഥികളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.

ഈ വർഷം ജനുവരിയിൽ ആരംഭിച്ച ഈ ഈ സംരംഭം ചില കോഴ്സുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട്. 2500 മുതൽ 3500 രൂപ വരെയാണ് ഫീസായ് നൽകേണ്ടത്. പഠനം പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്. ആൻഡ്രോയ്ഡ് ഡെവലപ്മെൻറ് മുതൽ ഉത്തരവാദിത്വത്തോടെ മോട്ടോർബൈക്കിങ് നടത്തേണ്ടതെങ്ങനെയെന്നു വരെയുള്ള കോഴ്സുകൾ ഇവർ നൽകുന്നുണ്ട്. ഇതിനായി വിവിധ രംഗങ്ങളിലുള്ള വിദഗ്ധരെ പരിശീലനത്തിനായ് കൊണ്ടുവരാനും സംരംഭകർ ശ്രമിക്കുന്നുണ്ട്. ട്രൈക്കിൾ എന്ന സംരംഭക ആശയം വയനാട്ടുകാരൻ അരുൺ ചന്ദ്രൻ, പാലക്കാട്ടുകാരി സുജാത രാജഗോപാലൻ എന്നിവരുടെ മനസ്സിലുധിച്ചതാണ്.ഇതുവരെ രണ്ടായിരത്തിലേറെ പേർ ട്രൈക്കിളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.