
ഡൊണാൾഡ് ട്രംപ് ഔദ്യോഗിക യൂട്യൂബ് ചാനലിന് താൽക്കാലിക വിലക്ക്. ഏഴ് ദിവസത്തെ വിലക്കാണ് ചാനലിന് യൂട്യൂബ് ഏർപ്പെടുത്തിയിരിക്കുന്നത്. കലാപത്തിനും സൗഹാർദ്ദപരമായ അന്തരീക്ഷം തകർക്കുന്നതിനും വഴിതെളിക്കുന്ന തരത്തിലുള്ള വീഡിയോകൾ ചാനലിൽ അപ്‌ലോഡ് ചെയ്തതിനെ തുടർന്ന് സ്വകാര്യ നയം ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് വിലക്കേർപ്പെടുത്തുന്ന നടപടിയെന്ന് യൂട്യൂബ് വ്യക്തമാക്കി.

ട്രംപിൻറെ ചാനലിലിനി പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനോ ലൈവ് സ്ട്രീം നടത്താനോ സാധിക്കില്ല. താൽക്കാലികമായി ഏഴു ദിവസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. എങ്കിലും ഇതു നീളാൻ സാധ്യതയുണ്ട്. നടപടിയിലേക്ക് നയിച്ച വീഡിയോ ഏതാണെന്ന് യൂട്യൂബ് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. ട്രംപിൻറെ ചാനലിൽ പുതുതായി അപ്‌ലോഡ് ചെയ്ത വീഡിയോ നീക്കം ചെയ്തതായും യൂട്യൂബ് വ്യക്തമാക്കി. ഒപ്പം ഈ ചാനലിലെ വീഡിയോകൾക്ക് താഴെ കമൻറ് ചെയ്യാനുള്ള ഓപ്ഷനും താൽക്കാലികമായി വിലക്കിയിട്ടുണ്ട്.