Tech
Trending

പുത്തൻ നോർഡുമായി വൺപ്ലസ്

പ്രീമിയം ഫോൺ വിഭാഗത്തിലെ മിന്നും താരമായ വൺ പ്ലസ് കഴിഞ്ഞ വർഷം നോർഡ് സീരീസ് അവതരിപ്പിച്ചുകൊണ്ടാണ് അഫോഡബിൾ‌ പ്രീമിയം വിഭാഗത്തിലെത്തിയത്. 30,000 രൂപയിൽത്താഴെ വിലയ്ക്ക് 5ജി ഫോൺ അങ്ങനെ വൺ പ്ലസിന്റെ ആരാധകർക്കുകിട്ടി. ഇപ്പോഴിതാ നോർഡ് സിഇ എന്ന മോഡലിലൂടെ വൺ പ്ലസ് വീണ്ടും 5ജി ഫോണിന്റെ വില താഴ്ത്തിയിരിക്കുന്നു.6 ജിബി+128 ജിബി (22,999 രൂപ), 8 ജിബി+128 ജിബി (24,999 രൂപ), 12 ജിബി+ 256 ജിബി (27,999 രൂപ) എന്നീ വേരിയന്റുകളിൽ ലഭിക്കും. ഈ പ്രൈസ് റേഞ്ചിലും അതിനു തൊട്ടുമുകളിലും പ്രതീക്ഷിക്കാവുന്നതെല്ലാം നൽകുന്ന ‘കോർ എഡിഷൻ’ ഫോൺ തന്നെയാണിത്. പ്ലാസ്റ്റിക് ബോഡി ആണെന്നു തോന്നാത്തത്ര ക്വാളിറ്റിയുള്ള ബോഡിയാണ് 8 മില്ലിമീറ്ററിൽത്താഴെ മാത്രം കനമുള്ള നോർഡ് സിഇയ്ക്ക്.


വളരെ ആകർഷകമായ രൂപകൽപനയാണ് നോർഡ് സിഇയുടേത്. 6.43 ഇഞ്ച് സ്ക്രീൻ, ഇടത്തേ മൂലയിൽ ക്യാമറ, പിന്നിൽ 3–ക്യാമറ സെറ്റപ്പ്. വൺ പ്ലസിന്റെ സ്വഭാവത്തിൽനിന്നുള്ള മാറ്റം വലതുവശത്തെ സ്ലൈഡർ ബട്ടൺ ഇല്ല എന്നതാണ്. സൈലന്റ്/ വൈബ്രേഷൻ മോഡിലേക്ക് മാറ്റാൻ വോള്യം ബട്ടൺ ഉപയോഗിക്കണം. അതേസമയം,പോസിറ്റീവ് ആയ ഒരു മാറ്റവുമുണ്ട്– 3.5എംഎം ഹെഡ്ഫോൺ ജാക്ക് ഉൾപ്പെടുത്തി. ഇതും ടൈപ് സി പോർട്ടും സ്പീക്കറും ചുവട്ടിലായി നൽകിയിരിക്കുന്നു.90 ഹെട്സ് റിഫ്രഷ് റേറ്റുള്ള ഫുൾ എച്ച്ഡി പ്ലസ് അമൊലെഡ് ഡിസ്പ്ലേ തികച്ചും നല്ല അനുഭവം പ്രദാനം ചെയ്യുന്നു. 64 മെഗാപിക്സൽ മെയിൻ ക്യാമറ, 8 എംപി അൾട്രാ വൈഡ് എന്നിവയ്ക്കൊപ്പം 2എംപി ഡെപ്ത് സെൻസറും ചേർന്നതാണ് പിൻ ക്യാമറ സെറ്റപ്പ്. 16 എംപി ആണ് സെൽഫിക്കായി ഒരുക്കിയിട്ടുള്ളത്. പകൽ വെളിച്ചത്തിൽ ക്യാമറ ഒപ്പിയെടുക്കുന്ന മിഴിവുറ്റ ദൃശ്യങ്ങൾ മികച്ച സ്ക്രീനിൽ തെളിയുമ്പോൾ പ്രീമിയം ഫീൽ തന്നെ. ഒപ്പം വിഡിയോ 4കെ ആണ്.സ്നാപ്ഡ്രാഗൺ 750 ജി പ്രോസസർ ഗെയിമിങ് ഉൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്കു കൂൾ ആയി ഉപയോഗിക്കാം. ആൻഡ്രോയ്ഡ് 11 അടിസ്ഥാനമായുള്ള ഓക്സിജൻ ഒഎസ് വളരെ യൂസർ–ഫ്രണ്ട്‌ലി ആണ്. 4500 എംഎഎച്ച് ബാറ്ററിയും 30 വാട്സ് ഫാസ്റ്റ്ചാർജിങ്ങുമാണുള്ളത്.

Related Articles

Back to top button