
ട്രഷറിയിലെ നിക്ഷേപങ്ങളുടെ പലിശ കുറച്ചു. നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ കുറച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത് ബാങ്കുകൾ നൽകുന്നതിനേക്കാൾ കൂടുതലാണ്. ബാങ്കുകൾ പലിശ നിരക്കുകൾ കുറച്ചതിനെത്തുടർന്നാണ് സർക്കാരും പലിശ നിരക്കുകൾ കുറച്ചത്. പുതിയ നിരക്കുകൾ ഫെബ്രുവരി ഒന്നുമുതൽ നിലവിൽ വരും.

ട്രഷറിയിൽ രണ്ടുവർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.5 ശതമാനമായിരുന്നു പലിശയായി നൽകിയിരുന്നത്. എന്നാൽ ഇനിമുതലിത് 7.5 ശതമാനമായി കുറയും. അതേസമയം, ബാങ്കുകളിൽ അഞ്ചു മുതൽ പത്ത് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് ആറു ശതമാനത്തിൽ താഴെ മാത്രമാണ് പലിശയായി നൽകുന്നത്. ഫെബ്രുവരി ഒന്നു വരെ നിക്ഷേപകർക്ക് നിലവിലുള്ള പലിശനിരക്കുകൾ ലഭിക്കും. ഒപ്പം ഫെബ്രുവരി ഒന്നു മുതലുള്ള പുതിയ നിക്ഷേപങ്ങൾക്കാകും പുതിയ പലിശനിരക്ക് ബാധകമാവുക. അതായത് നിലവിലുള്ള നിക്ഷേപങ്ങളുടെ കാലാവധി കഴിയുന്നതുവരെ പഴയ പലിശനിരക്കുകൾ തന്നെയാകും ലഭിക്കുക.