Auto
Trending

ഹൈബ്രിഡ് കരുത്തില്‍ ടൊയോട്ട ഹൈറൈഡര്‍ എത്തി

നാളുകള്‍ നീളുന്ന ഇടവേളയ്ക്ക് ശേഷം ടൊയോട്ടയില്‍ നിന്ന് പുതിയ ഒരു വാഹനം വിപണിയില്‍ എത്താനൊരുങ്ങുകയാണ്.ടൊയോട്ട അര്‍ബണ്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്ന പേരില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം സെപ്റ്റംബര്‍ മാസത്തോടെയായിരിക്കും വിപണിയില്‍ എത്തുകയെന്നാണ് വിവരം. എന്നാൽ,ഹൈറൈഡറിന്റെ ബുക്കിങ്ങ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.അഗ്രസീവാണ് ഹൈറൈഡിന്റെ മുഖഭാവം. ഗ്രില്ല് എന്ന ഭാഗം പൂര്‍ണമായും നീക്കിയിട്ടുണ്ട്. ചെറിയ ലൈനുകള്‍ പോലെ നല്‍കിയിട്ടുള്ള ഡി.ആര്‍.എല്ലും അതിന്റെ നടുവിലൂടെ ലോഗോയിലേക്ക് നീളുന്ന ക്രോമിയം സ്ട്രിപ്പുമാണ് പ്രധാന ആകര്‍ഷണം. ബമ്പറിലാണ് ഹെഡ്‌ലൈറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. എല്‍.ഇ.ഡിയിലാണ് ഈ ലൈറ്റ്. വലിയ എയര്‍ഡാമാണ് മുഖഭാവത്തിന് അഗ്രസീവ് ലുക്ക് നല്‍കുന്നത്. ബമ്പറിന്റെ താഴെഭാഗത്തായി ബ്ലാക്ക് ക്ലാഡിങ്ങും നല്‍കിയാണ് മുഖം ഒരുക്കിയിരിക്കുന്നത്.എസ്.യു.വി. ഭാവം നല്‍കുന്ന വശങ്ങളാണ് ഹൈറൈഡറിലുള്ളത്. ബമ്പറില്‍ തുടങ്ങുന്ന ക്ലാഡിങ്ങ് വീല്‍ ആര്‍ച്ചായും ക്ലാഡിങ്ങായി വശങ്ങളിലൂടെ നീളുന്നു. 17 ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് അലോയി വീല്‍, ബ്ലാക്ക് ഫിനീഷിങ്ങ് റിയര്‍വ്യൂ മിറര്‍, ഇതിനുതാഴെ സ്ഥാനം പിടിച്ചിരിക്കുന്ന ലെയ്ന്‍ വാച്ച് ക്യാമറ, ബ്ലാക്ക് ബി-പില്ലര്‍, റൂഫ് റെയില്‍, പിന്നിലേക്ക് ഒഴുകിയിറങ്ങുന്ന ഫ്‌ളോട്ടിങ്ങ് റൂഫ് തുടങ്ങിയവ വശങ്ങളെ അലങ്കരിക്കുമ്പോള്‍, സി-ഷേപ്പ് എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, ബമ്പറില്‍ വെര്‍ട്ടിക്കിളായി നല്‍കിയിട്ടുള്ള ലൈറ്റ്, സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് പിന്‍ഭാഗത്ത് നല്‍കുന്നത്. ബാഡ്ജിങ്ങ് നല്‍കിയിട്ടുള്ളതിനൊപ്പം വേരിയന്റും പിന്നില്‍ അടയാളപ്പെടുത്തുന്നുണ്ട്. മാരുതിയുടെ പുതിയ കോംപാക്ട് എസ്.യു.വി. ബ്രെസയുമായി സാമ്യമുള്ള അകത്തളമാണ് ഹൈറൈഡറിലുമുള്ളത്.ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടെ ക്രോമിയം ആവരണങ്ങള്‍ നല്‍കിയാണ് അകത്തളം അലങ്കരിച്ചിരിക്കുന്നത്. ലെതറില്‍ സ്റ്റിച്ചിങ്ങ് നല്‍കി ഒരുങ്ങിയിട്ടുള്ള ഡാഷ്‌ബോര്‍ഡ് പ്രീമിയം ഭാവം നല്‍കുന്നു. വെന്റിലേറ്റഡ് സീറ്റുകളും ഇതിലുണ്ട്. ഗ്ലാന്‍സയില്‍ നല്‍കിയിട്ടുള്ള ഒമ്പത് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയും അകത്തളത്തിന് ആഡംബര സ്വഭാവം നല്‍കുന്നുണ്ട്.ടൊയോട്ടയില്‍ നിന്നും മാരുതിയില്‍ നിന്നും കടംകൊണ്ട രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഹൈറൈഡര്‍ എത്തുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് സംവിധാനത്തിനൊപ്പം ടൊയോട്ടയുടെ 1.5 ലിറ്റര്‍ ടി.എന്‍.ജി.എ. എന്‍ജിന്‍ (ടൊയോട്ട ഹൈബ്രിഡ് സിസ്റ്റം), മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള മാരുതിയുടെ 1.5 ലിറ്റര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിനുമാണ് ഹൈറൈഡറിന് കരുത്തേകുന്നത്. സ്‌ട്രോങ്ങ് ഹൈബ്രിഡ് മോഡലില്‍ ഏകദേശം 23 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് വിവരം.

Related Articles

Back to top button