
ഇന്ത്യയിലെ മുൻനിര വാഹന നിർമാതാക്കളായ ടൊയോട്ട ഉപയോക്താക്കൾക്കായി പുതിയ സർവീസ് പാക്കേജ് പ്രഖ്യാപിച്ചു. ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ചുള്ള പാക്കേജുകളാണ് ടൊയോട്ട ഒരുക്കുന്നത്. സ്മൈൽ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന ഈ സർവീസ് ക്യാംപയിനിൽ പ്രീ പെയ്ഡ് പാക്കേജുകളും ഒരുക്കിയിട്ടുണ്ടെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്.

സർവീസ് ചെലവിൽ ലാഭം ഉറപ്പാക്കുമെന്നതും സ്മൈൽ പ്ലസ് പാക്കേജിന്റെ മേന്മയാണ്. ടൊയോട്ട ഒറിജിനൽ പാർട്സിന്റെ ഉപയോഗവും സേവനവും വിദഗ്ധ പരിശീലനം നേടിയിട്ടുള്ള ടെക്നീഷ്യൻമാരുടെ സേവനവും സ്മൈൽ പ്ലസ് പാക്കേജിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.അനിവാര്യമായ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനൊപ്പം ഭാവിയിൽ സർവീസിന് ഉണ്ടായേക്കാവുന്ന വില വർധനവിൽ നിന്നും ഈ പാക്കേജ് സംരക്ഷിക്കുമെന്നാണ് ടൊയോട്ട ഉറപ്പുനൽകുന്നത്.സ്മൈൽ പ്ലസിന് പുറമെ, എസ്സെൻഷ്യൽ, സൂപ്പർ ഹെൽത്ത്, സൂപ്പർ ടോർക്ക്, അൽട്രാ എന്നീ പാക്കേജുകളിലും പൊതുവായ അറ്റകുറ്റപണികൾക്ക് ഉപയോക്താക്കളുടെ ഇഷ്ടാനുസരണമായി ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ടൊയോട്ട കിർലോസ്കർ അറിയിച്ചു.