
ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ മുഖംമിനുക്കലിന് വിധേയമായതും ലെജന്‍ഡര്‍ എന്ന പുതിയ മോഡല്‍ എത്തിയിട്ടും ഏറെനാള്‍ ആയിട്ടില്ല. അതേസമയം, ഇന്നോവ ക്രിസ്റ്റ എന്ന എം.പി.വി. മുഖം മിനുക്കലിനുള്ള തയാറെടുപ്പിലുമാണ്. എന്നാല്‍, മുഖംമിനുക്കല്‍ വരുത്തുന്നതിന് മുമ്പ് വിലയില്‍ കാര്യമായ വര്‍ധനവ് വരുത്തിയിരിക്കുകയാണ് ടൊയോട്ട. മോഡലുകള്‍ക്ക് അനുസരിച്ച് 19,000 രൂപ മുതല്‍ 1.85 ലക്ഷം രൂപ വരെയുള്ള വര്‍ധനവാണ് ടൊയോട്ട ഇത്തവണ വരുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.ഈ രണ്ട് മോഡലുകള്‍ക്ക് പുറമെ, പ്രീമിയം ശ്രേണിയില്‍ ടൊയോട്ടയെ പ്രതിനിധാനം ചെയ്യുന്ന ഹൈബ്രിഡ് സെഡാന്‍ മോഡലായ കാംറിക്കും പ്രീമിയം എം.പി.വി. മോഡലായ വെല്‍ഫയറിനും വില വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നാണ് വിവരം.
ടൊയോട്ടയുടെ പ്രീമിയം എസ്.യു.വിയായ ഫോര്‍ച്യൂണറിന്റെ അടിസ്ഥാന മോഡലിന്റെ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലുകള്‍ക്ക് 19,000 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്.അതേസമയം, ഈ വാഹനത്തിന്റെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലിന് 39,000 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഫോര്‍ച്യൂണറിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായി എത്തിയിട്ടുള്ള ലെജന്‍ഡര്‍, ജി.ആര്‍ സ്‌പോര്‍ട്ട് മോഡലുകള്‍ക്ക് 77,000 രൂപയുമാണ് കൂടിയിരിക്കുന്നത്. പുതിയ വില അനുസരിച്ച് ഫോര്‍ച്യൂണറിന് 32.59 ലക്ഷം രൂപ മുതല്‍ 50.34 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.ഇന്നോവ ക്രിസ്റ്റയുടെ അടിസ്ഥാന മോഡലായ ജി.എക്‌സ്. പെട്രോള്‍ പതിപ്പിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അതേസമയം, എല്ലാ വേരിയന്റിലേയും ഡീസല്‍ മോഡലിന് 23,000 രൂപയാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, നിലവില്‍ ഡീസല്‍ എന്‍ജിന്‍ മോഡലിനുള്ള ബുക്കിങ്ങ് നിര്‍മാതാക്കള്‍ നിര്‍ത്തിവെച്ചിരിക്കുകയുമാണ്. വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതോടെ 17.68 ലക്ഷം രൂപ മുതല്‍ 26.77 ലക്ഷം രൂപ വരെയാണ് ഇന്നോവ ക്രിസ്റ്റയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
ടൊയോട്ട കാംറി ഹൈബ്രിഡ് മോഡലിന് 90,000 രൂപയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ഒരു വേരിയന്റില്‍ മാത്രമാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്. 45.25 ലക്ഷം രൂപയിലാണ് കാംറിയുടെ വില ആരംഭിക്കുന്നത്. ടൊയോട്ട ഇന്ത്യയുടെ വാഹനനിരയിലെ ഏറ്റവും ഉയര്‍ന്ന മോഡലായ വെല്‍ഫയറിനാണ് ഏറ്റവും വലിയ വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 1.85 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ വിലയിലുണ്ടായിരിക്കുന്ന വര്‍ധനവ്. ഒരു വേരിയന്റില്‍ മാത്രം ഇന്ത്യയില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 94.45 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.എന്നാല്‍, ടൊയോട്ടയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ അര്‍ബന്‍ ക്രീയിസര്‍ ഹൈറൈഡറിനും മാരുതി സുസുക്കിയുടെ റീ ബാഡ്ജിങ്ങ് മോഡലായി പുറത്തിറങ്ങിയിട്ടുള്ള ടൊയോട്ട ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍ എന്നീ വാഹനങ്ങളുടെ വിലയില്‍ മാറ്റമില്ല.