
പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ മാസങ്ങളിൽ വാഹനങ്ങളുടെ വില വർധിക്കുന്നത് സാധാരണ സംഭവമാണ്. ഈ പതിവ് തെറ്റിക്കാതെ ഈ വർഷവും വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ് ടൊയോട്ട കിർലോസ്കർ. ടൊയോട്ടയുടെ വാഹന നിരയിലെ എല്ലാ മോഡലിനും ഏപ്രിൽ ഒന്ന് മുതൽ വില വർധിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ടൊയോട്ട ഗ്ലാൻസ, യാരിസ്, അർബൻ ക്രൂയിസർ, ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, കാംറി, വെൽഫയർ എന്നീ വാഹനങ്ങളാണ് ടൊയോട്ട ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ഈ വാഹനങ്ങളുടെ വിലയ്ക്ക് ആനുപാതികമായ നേരിയ ശതമാനം വർധനവായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് റിപ്പോർട്ട്. കൂടുന്ന ശതമാനവും പുതിയ വിലയും ഏപ്രിൽ ആദ്യത്തോടെ തന്നെ ടൊയോട്ട വെളിപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.വാഹനങ്ങളുടെ നിർമാണ സാമഗ്രികളുടെ വില ഗണ്യമായി വർധിച്ചതിനെ തുടർന്നാണ് വില ഉയർത്താൻ കമ്പനി നിർബന്ധിതമായിരിക്കുന്നത്. എന്നാൽ, നിർമാണ സാമഗ്രികളുടെ വില വർധിച്ചതിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ് വില വർധനവിൽ പ്രതിഫലിക്കുന്നുള്ളൂവെന്ന് ടൊയോട്ട കിർലോസ്കർ അറിയിച്ചു. വാഹനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ചെലവുകൾ കുറയ്ക്കാൻ ടൊയോട്ട പ്രതിജ്ഞാബദ്ധമാണെന്നും നിർമാതാക്കൾ അറിയിച്ചു.ടൊയോട്ടയ്ക്ക് പുറമെ, നിർമാണ ചെലവ് ഉയർന്നത് ചൂണ്ടിക്കാട്ടി മറ്റ് വാഹന നിർമാതാക്കളും വില വർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.