Big B

മാത്തമാറ്റിക്കല്‍ അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കോഴ്‌സുകളും പ്രോഗ്രാമുകളുമായി കൈകോര്‍ത്ത് ഗ്രെയിന്‍എഡ്

ലോകമെങ്ങുമുള്ള ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൗഡ്-സോഴ്‌സ്ഡ് മാതൃകയില്‍ സൗജന്യമായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഗ്രെയിന്‍എഡിലൂടെ അമേരിക്കയിലെ മാത്തമാറ്റിക്കല്‍ അസോസിയേഷന്റെ ഭാഗമായ ഇന്റര്‍നാഷനല്‍ പ്രോഗ്രാം ഗ്രൂപ്പിന്റെ (എംഎഎ ഐപിജി) കോഴ്‌സുകളും പ്രോഗ്രാമുകളും ലഭ്യമാകും. ഇതനുസരിച്ച് www.grain-ed.com-ലൂടെ അമേരിക്കന്‍ മാത്തമാറ്റിക്‌സ് കോംപറ്റീഷന്‍സ് (എഎംസി), സ്റ്റുഡന്റ് എന്റിച് മെന്റ് പ്രോഗ്രാം (എസ്ഇപി) എംഎഎ കോണ്‍ഫറന്‍സുകള്‍ എന്നിവയുടെ പ്രിപ്പറേറ്ററി കോഴ്‌സുകളിലേയ്ക്കുള്ള സൗജന്യ പ്രവേശനം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികളും ക്ലാസുകളെടുക്കാന്‍ താല്‍പ്പര്യമുള്ള പ്രൊഫഷനലുകളും www.grain-ed.com സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം.2022 ഏപ്രിലിലെ രണ്ടു ദിവസങ്ങളിലായി ഡെല്‍ഹി, മുംബൈ, ദുബായ്, തിരുവനന്തപുരം എന്നിവിടങ്ങളിലൂടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മാത് ഒളിമ്പ്യാഡ് (ഉസാമോ) ഇതാദ്യമായി ഏഷ്യയിലെത്തുന്നതിന്റെ മുന്നോടിയായി നടക്കുന്ന ഈ സഹകരണത്തിന് ഏറെ പ്രധാന്യമുണ്ടെന്ന് എംഎഎ ഐപിജി ഡയറക്ടര്‍ ശ്യാം ചന്ദ്ര പറഞ്ഞു. ദക്ഷിണേഷ്യ, മിഡ്ല്‍ ഈസ്റ്റ്, യൂറോപ്പ്, കാനഡ, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി അടുത്ത 9 മാസത്തില്‍ 20,000-ത്തിലേറെ വിദ്യാര്‍ത്ഥികള്‍ മാത്ത് ഒളിമ്പ്യാഡില്‍ മാറ്റുരയ്ക്കാനെത്തുമെന്നും ഇതില്‍ ഭൂരിപക്ഷം പേരും ഗ്രെയിന്‍എഡ് പ്ലാറ്റ്‌ഫോമിലൂടെയാകും എത്തുകയെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ ലോകത്തിന്റെ നാലിടത്തുള്ള നാല് മലയാളി കോളേജ്കാല സുഹൃത്തുക്കള്‍ 2016-ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് തുടക്കമിട്ട ഓപ്പണ്‍ പ്ലാറ്റ്‌ഫോമാണ് ഗ്രെയിന്‍എഡ്. നിലവില്‍ 50-ലേറെ കോഴ്‌സുകളാണ് ഈ പ്ലാറ്റ്‌ഫോമിലൂടെ ഗ്രെയിന്‍എഡ് സൗജന്യമായി നല്‍കി വരുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രൊഫഷനലുകളാണ് സ്വമേധയാ ക്ലാസുകളെടുക്കുന്നത്. വിവിധ നാടുകളിലെ സിലബസുകള്‍ പഠിച്ച ശേഷം തയ്യാറാക്കിയ കോഴ്‌സുകള്‍ സൂം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് നല്‍കുന്നതെന്ന് ഗ്രെയിന്‍എഡ് സ്ഥാപകരിലൊരാളായ സതീഷ് കുമാര്‍ പറഞ്ഞു.നാലു വര്‍ഷത്തിനിടെ ഗ്രെയിന്‍എഡ് ഇതുവരെ 600-ലേറെ ക്ലാസുകളും 15,000-ത്തിലേറെ സ്റ്റുഡന്റ് മണിക്കൂറുകളും പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇന്ത്യ, മിഡ്ല്‍ ഈസ്റ്റ്, യുകെ, യുഎസ് എന്നിവിടങ്ങളില്‍ നിന്നായി 3,000-ത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. സമാന്തര വിദ്യാഭ്യാസത്തിന്റെ ഈ പുതിയ മുഖം കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഒട്ടേറെ രക്ഷാകര്‍ത്താക്കളും ടീച്ചര്‍മാരും വിജ്ഞാനദാഹികളും ഗ്രെയിന്‍എഡിന്റെ സെഷനുകള്‍ക്ക് എത്തുന്നുണ്ട്.വിഡിയോകള്‍, നോട്ടുകള്‍, ചര്‍ച്ചകള്‍, സ്റ്റുഡന്റ് പ്രൊജക്റ്റുകള്‍, ഇന്‍ഫര്‍മേഷന്‍ അപ്‌ഡേറ്റുകള്‍ എന്നിവയിലൂടെയാണ് പഠനം പുരോഗമിക്കുന്നത്. ഗ്രെയിന്‍എഡിന്റെ കോഴ്‌സ് പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റിനു അംഗീകാരം നല്‍കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും സതീഷ് കുമാര്‍ പറഞ്ഞു. സംഗീതം, കേറ്ററിംഗ്, ഖനനം, സിനിമ, ശാസ്ത്രഗവേഷണം, ഫിനാന്‍സ്, ചരിത്രം തുടങ്ങിയ വ്യത്യസ്ത മേഖലകളിലുള്ള പ്രൊഫഷനലുകളാണ് ക്ലാസുകള്‍ നയിക്കുന്നത്. ഇങ്ങനെ സ്വമേധയാ മുന്നോട്ടു വരുന്ന നാല്‍പ്പതംഗ പ്രൊഫഷനലുകളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്.യുകെയില്‍ നിന്നുള്ള ന്യൂറോസര്‍ജന്‍ ഡോ. രാജീവ് മോഹന്‍രാജ്, യുഎസിലെ എക്സോണ്‍ മൊബീലില്‍ ശാസ്ത്രജ്ഞനായ ഡോ നജീബ് കുഴിയില്‍, ഖത്തറില്‍ എന്‍ജീനയറിംഗ് മാനേജറായ സിബില്ലെ സജീത്, ഡെല്‍ഹിയില്‍ ബിസിനസുകാരനായ നിഥി ജയിന്‍ സേഥ്, മലേഷ്യയില്‍ അഭിഭാഷകനായ രാജേഷ് മുട്ടത്ത്, യുകെ എസ്സെക്സ് സര്‍വകലാശാല പ്രൊഫസറായ ഡോ. അരുണ്‍ തങ്കം, യുഎസിലെ ലാര്‍ജ് ഹൈഡ്രോണ്‍ കോളീഡറിലെ ശാസ്ത്രജ്ഞനായ രോഹിന്‍ നാരായണന്‍, യുകെയില്‍ കൗമാരപ്രായക്കാരുടെ സൈക്യാട്രിസ്റ്റായ സീനാ ദേവകി തുടങ്ങിയവരുള്‍പ്പെടുന്നതാണ് പ്രൊഫഷനല്‍മാരുടെ ഈ നിര.ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന ഗ്രെയിന്‍എഡിന്റെ നയമാണ് ഏറ്റവും പ്രശംസനീയമെന്നും നിത്യജീവിതത്തിലെ ഉദാഹരണങ്ങളിലൂടെയാണ് ഉത്തരങ്ങള്‍ കിട്ടുന്നതെന്നും കുവൈറ്റില്‍ നിന്ന് സ്ഥിരമായി ഗ്രെയിന്‍എഡ് ക്ലാസുകള്‍ക്കെത്തുന്ന വിദ്യാര്‍ത്ഥിയായ ധനുശ്രീ സുരേഷ് പറയുന്നു.പ്രൊഫഷനലുകളാണ് പഠിപ്പിക്കുന്നത് എന്നതിനാല്‍ സാധാരണ ക്ലാസുകള്‍ പോലെ തിയറികളില്‍ ഊന്നുന്നതിനു പകരം ഗ്രെയിന്‍എഡിലെ ക്ലാസുകള്‍ പ്രായോഗികതയില്‍ അടിസ്ഥാനപ്പെടുത്തിയാണെന്നത് ശ്രദ്ധേയമാണെന്ന് ബാംഗ്ലൂരില്‍ നിന്നുള്ള ഒരു രക്ഷാകര്‍ത്താവായ മിറിയം ജോസഫ് ചൂണ്ടിക്കാണിക്കുന്നു.’വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസമുള്ളവരും സ്വാശ്രയശീലമുള്ളവരും ആക്കുന്നതിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. വിക്കി മാതൃകിയല്‍ ഒരു ക്രൗഡ്സ് സോഴ്സ്ഡ് പ്ലാറ്റ്ഫോമാക്കി ഗ്രെയിന്‍എഡിനെ വികസിപ്പിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. പുതിയ കാലം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സ്‌കൂളുകളേയും അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും സജ്ജരാക്കാനാണ് ഞങ്ങളുടെ ശ്രമം. ഇപ്പോള്‍ത്തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഒട്ടേറെ സ്‌കൂളുകള്‍, ലൈബ്രറികള്‍, സാമൂഹ്യ സംഘടനകള്‍ എന്നിവ ഞങ്ങളുമായി സഹകരിക്കുന്നുണ്ട്. പഠനം ആഹ്‌ളാദകരമാക്കല്‍, ആശയങ്ങളിലൂന്നി വിഷയങ്ങളിലെ അടിത്തറ മെച്ചപ്പെടുത്തല്‍, വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ച് രൂപപ്പെടുത്തുന്ന കോഴ്‌സുകളിലൂടെ സമഗ്രമായ വിജ്ഞാനം പകര്‍ന്നു കൊടുക്കല്‍ എന്നീ ലക്ഷ്യങ്ങളാണ് ഗ്രെയിന്‍എഡ് നിറവേറ്റാന്‍ ശ്രമിക്കുന്നത്,’ സതീഷ് കുമാര്‍ ചൂണ്ടിക്കാണിക്കുന്നു.

Related Articles

Back to top button