
ഇന്ത്യയിലെ വിപണി പ്രവേശനം ഗംഭീരമാക്കാൻ ഒരുങ്ങി ടെസ്ല. അധികം വൈകാതെ തന്നെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ ഷോറൂമുകൾ തുറന്നേക്കുമെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു ഈ വർഷം ആദ്യം ടെസ്ല ഇന്ത്യയിൽ എത്തുമെന്ന് ടെസ്ല സ്ഥാകൻ ഇലോൺ മസ്ക് പ്രഖ്യാപിച്ചിരുന്നു.ഈ വർഷം ആദ്യം ‘ടെസ്ല ഇന്ത്യ മോട്ടോഴ്സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ മസ്ക് കമ്പനി രജിസ്റ്റർ ചെയ്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കർണാടകയിലെ ബെംഗളൂരുവിലാണ് ടെസ്ലയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനം. ബ്രാൻഡ് ആദ്യം പ്രീമിയർ മോഡൽ 3 ഇലക്ട്രിക് സെഡാൻ പുറത്തിറക്കും എന്നാണ് സൂചന , ഇത് പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന കാറായിരിക്കും. ഏകദേശം 60-70 ലക്ഷം രൂപയോളമാണ് ഇതിൻറെ വില.ഇന്ത്യയിലെ വിപണി പ്രവേശനത്തിൻെറ ആദ്യ ഘട്ടത്തിൽ മുംബൈ, ദില്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ ഷോറൂമുകൾ സ്ഥാപിക്കാൻ ടെസ്ലയ്ക്ക് പദ്ധതിയുണ്ട് . 20,000 മുതൽ 30,000 ചതുരശ്ര അടി വരെ വിസ്തൃതിയിലാകും അത്യാധുനിക ഷോറൂമുകൾ.അതേസമയം ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനും നിർമ്മിക്കുന്നതിനും സര്‍ക്കാര്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഇലക്ട്രിക് വാഹന ഹബ് ആക്കാൻ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ രംഗത്തെ ആഗോള ഭീമൻെറ കടന്നു വരവ്. ഇന്ത്യൻ നിര്മാതാക്കൾക്കുള്ള ഇളവുകളും ആനുകൂല്യങ്ങും ടെസ്ലയ്ക്ക് ലഭിക്കുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.