
ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ വാഹന നിർമ്മാതാക്കളായ ടെസ്ല. 2021 കമ്പനി ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുമെന്ന് ടെസ്ല ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇലോൺ മാസ്ക് സ്കൈ കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിൻറെ ഭാഗമായി ജനുവരി ഒന്നു മുതൽ ബുക്കിംഗ് ആരംഭിക്കാനും വരാനിരിക്കുന്ന സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ കാർ കൈമാറാനുമാണ് കമ്പനിയുടെ പുതിയ നീക്കം. 2016 ലും സമാനമായി കമ്പനി ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല.

സെഡാനായ മോഡൽ ത്രീയാകും കമ്പനി ഇന്ത്യയിലവതരിപ്പിക്കുന്ന ആദ്യ കാർ. ഇതിന് 55-60 ലക്ഷം രൂപ വരെ വിലമതിക്കും. ടെസ്ല ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡൽ എന്നതാണ് 2017 ൽ അവതരിപ്പിച്ച മോഡൽ ത്രീയുടെ പ്രധാന പ്രത്യേകത. ഒപ്പം ലോകത്തുതന്നെ ഏറ്റവുമധികം വിൽപ്പനയുള്ള വൈദ്യുത കാർ കൂടിയാണിത്. വെറും 15 മിനിറ്റിനകം ബാറ്ററി ചാർജ് ചെയ്യാവുന്ന വിദേശനിർമ്മിത മോഡൽ ത്രീ ഇറക്കുമതി ചെയ്താകും കമ്പനി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക. ഒറ്റ ചാർജിൽ 500 കിലോമീറ്റർ യാത്ര ചെയ്യാൻ കഴിയുന്ന ഈ വാഹനത്തിന് മണിക്കൂറിൽ 260.7 കിലോമീറ്ററാണ് നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം. മറ്റു വിദേശവിപണികളിലെന്നതുപോലെ ഡീലർമാരെ നിയമിക്കാതെ കമ്പനി നേരിട്ടാകും ഇന്ത്യയിൽ കാറുകൾ വിൽക്കുക.