Tech
Trending

ഇന്റർനെറ്റ് സ്പീഡിൽ ലോക റെക്കോർഡിട്ട് ജപ്പാന്‍

ജപ്പാനിലെ എൻജിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത ടെക്‌നോളജി ഉപയോഗിച്ച് ഇന്റർനെറ്റ് ഡേറ്റാ കൈമാറ്റ വേഗത്തിൽ പുതിയ റെക്കോർഡിട്ടു. 3,000 കിലോമീറ്റര്‍ നീളമുള്ള ഒപ്ടിക്കല്‍ കേബിള്‍ വഴി സെക്കന്‍ഡില്‍ 319 ടെറാബൈറ്റ് –Tb/s ( സെക്കന്‍ഡില്‍ 319,000 ജിബി) വേഗത്തിലാണ് ഡേറ്റ കൈമാറ്റം ചെയ്ത് കാണിച്ചത്. ജപ്പാന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജിയിലെ (എന്‍ഐസിടി) ഫിസിസിസ്റ്റ് ബെഞ്ചമിന്‍ പുട്ടനമിന്റെ (Benjamin Puttnam) നേതൃത്വത്തിലുള്ള എൻജിനീയര്‍മാരുടെ ടീമാണ് പുതിയ റെക്കോർഡിട്ടത്. ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി സെക്കന്‍ഡില്‍ 178 ടിബി ഡേറ്റ അയച്ചതായിരുന്നു നിലവിലെ റെക്കോഡ്. പുതിയ ദീര്‍ഘദൂര ഡേറ്റാ കൈമാറ്റത്തിനായി എര്‍ബിയം (erbium), തുലിയം (thulium) എന്നിവ ചേര്‍ത്ത ഫൈബര്‍ ആംപ്ലിഫയറുകളും രാമന്‍ ആംപ്ലിഫിക്കേഷനും പ്രയോജനപ്പെടുത്തിയാണ് ഗവേഷകർ പുതിയ നേട്ടം കൈവരിച്ചത്.


ഒന്നിനു പകരം മൂന്നു കോറുള്ള കപ്പിൾഡ് (coupled) ഒപ്ടിക്കല്‍ ഫൈബര്‍ ഉപയോഗിച്ചുള്ള ഡേറ്റാ കൈമാറ്റമാണ് ഇക്കാലത്ത് കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ഇതുവഴി സിഗ്നലില്‍ വരുന്ന നഷ്ടം കുറയ്ക്കാനാകുന്നു. എന്നാല്‍, 319 ടെറാബിറ്റ് പരീക്ഷണത്തില്‍ നിലവിലുള്ള ടെക്‌നോളജി പ്രയോജനപ്പെടുത്തി മൂന്നിനു പകരം നാലു കോറുകളാണ് ഉപയോഗിച്ചത്. ഡേറ്റ കൈമാറ്റം ചെയ്യുന്നത് വേവ്‌ലെങ്ത്-ഡിവിഷന്‍ മള്‍ട്ടിപ്ലെക്‌സിങ് എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. ഡേറ്റ ഒരു ലേസര്‍ ഉപയോഗിച്ച് 552 ചാനലുകളായി വിഭജിച്ചാണ് നാല് ഒപ്ടിക്കല്‍ ഫൈബര്‍ കോറുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ഓരോ 70 കിലോമീറ്റര്‍ കൂടുമ്പോഴും സിഗ്നലിന്റെ ശക്തി ബൂസ്റ്റ് ചെയ്യാനായി ആംപ്ലിഫയറുകളും ഘടിപ്പിച്ചിരുന്നു.ഇതുവഴി ദീര്‍ഘദൂരം ഡേറ്റ കൈമാറ്റം ചെയ്യുമ്പോഴും വലിയതോതില്‍ ഡേറ്റാ നഷ്ടം കുറയ്ക്കാനാകുന്നു. ഈ ആംപ്ലിഫയറുകളാണ് വിരളമായി ലഭിക്കുന്ന എര്‍ബിയവും തുലിയവും പ്രയോജനപ്പെടുത്തിയിരിക്കുന്നത്. പുതിയ സംവിധാനം വഴി ഒരോ ചാനലിലൂടെയും 145 ഗിഗാബിറ്റ് ഡേറ്റയാണ് പ്രവഹിപ്പിക്കാന്‍ സാധിച്ചത്. നാലു ചാനലിലും കൂടി നോക്കിയാല്‍ സെക്കന്‍ഡില്‍ 580 ഗിഗാബിറ്റ് വരും. എന്നാല്‍, സെക്കന്‍ഡില്‍ 319 ടെറാബിറ്റ് സ്പീഡ് പരീക്ഷണത്തില്‍ 552 തരംഗദൈര്‍ഘ്യമുള്ള ചാനലുകളാണ് ഉപയോഗിച്ചത്.

Related Articles

Back to top button