
ടെലികോം സാങ്കേതിക മേഖലയിലെ ചൈനീസ് ആധിപത്യം കുറയ്ക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ.ഇതനുസരിച്ച് രാജ്യത്തെ ലൈസൻസിങ് ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. പുതുക്കിയ ചട്ടങ്ങൾ ഉടൻ പുറത്തെത്തുമെന്നാണു വിവരം.

ഇതുപ്രകാരം ടെലികോം നെറ്റ്‌വർക്ക് ഒരുക്കാൻ ഏതൊക്കെ രാജ്യങ്ങളുടെയും കമ്പനികളുടെയും ഉൽപന്നങ്ങൾ ഉപയോഗിക്കാമെന്നതു സംബന്ധിച്ച പട്ടിക കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കും.ദേശീയ സുരക്ഷാ നിർദേശങ്ങളുടെ ഭാഗമായിട്ടാണ് ഈ പുതിയ നടപടി.ഡപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അധ്യക്ഷനായ കമ്മിറ്റിയാണു പട്ടിക തയാറാക്കുന്നത്. മന്ത്രാലയത്തിന്റെയും മറ്റും പ്രതിനിധികൾക്കു പുറമേ ടെലികോം വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേരും കമ്മിറ്റിയിലുണ്ട്. ചൈനയുമായി അതിർത്തിയിലുണ്ടായ തർക്കങ്ങളും സുരക്ഷ ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമാണ് ഇടപെടലിനു കാരണം. അതേസമയം നിലവിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും സാങ്കേതിക വിദ്യകളും മാറ്റി പുതിയതു സ്ഥാപിക്കാൻ നിർദേശം നൽകില്ലെന്നാണു സൂചന. മൊബൈൽ, ഇന്റർനെറ്റ് നെറ്റ്‌വർക്ക് ക്രമീകരിക്കാൻ മിക്ക കമ്പനികളും ചൈനീസ് ടെക് കമ്പനികളായ വാവെയ്, സെഡ്ടിഇ തുടങ്ങിയവയുടെ ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നുണ്ട്.