
ലോകത്തെ ഏറ്റവും വിപണിമൂല്യമുള്ള ഐടി കമ്പനിയായി വീണ്ടും മാറിയിരിക്കുകയാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്). തിങ്കളാഴ്ച കമ്പനിയുടെ മൂല്യം 169.9 ബില്യൺ ഡോളറായി ഉയർന്നതിനെത്തുടർന്നാണ് കമ്പനിയിൽ നേട്ടം സ്വന്തമാക്കിയത്. ആക്സഞ്ചറിനെ പിന്നിലാക്കിയാണ് കമ്പനി ഒന്നാമതെത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ടിസിഎസ്. ഇക്കഴിഞ്ഞ ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ ഏപ്രിലിൽ കമ്പനിയുടെ മൂല്യം 100 ബില്യൺ കടന്നതോടെയാണ് ടിസിഎസിൻറെ കുതിപ്പ് ആരംഭിച്ചത്. കൂടാതെ 3,317 എന്ന നിലവാരത്തിലാണ് കമ്പനിയുടെ ഓഹരി വില. രാജ്യത്തെ മുൻനിരയിലുള്ള 10 കമ്പനികളുടെ വിപണി മൂല്യത്തിൽ കഴിഞ്ഞയാഴ്ച മാത്രം1,15,758.53 കോടി രൂപയുടെ വർധനവാണുണ്ടായത്. ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളാണ് മികച്ച നേട്ടം കൊയ്തത്.