
കഴിഞ്ഞ സാമ്പത്തിക വർഷം വ്യക്തികളിൽനിന്നും കമ്പനികളിൽനിന്നും വരുമാന നികുതിയായി 9.45 ലക്ഷം കോടി രൂപ ലഭിച്ചെന്ന് സർക്കാർ വ്യക്തമാക്കി. ലക്ഷ്യമിട്ട 9.05 ലക്ഷം കോടിയെക്കാൾ 5% കൂടുതലാണിത്. 12.06 ലക്ഷം കോടി പിരിഞ്ഞുകിട്ടിയതിൽ 2.61 ലക്ഷം കോടി രൂപ റീഫണ്ട് ആയി നൽകിയശേഷമുള്ള തുകയാണ് 9.45 ലക്ഷം കോടി രൂപ.

2019– 2020 സാമ്പത്തിക വർഷം 10.49 ലക്ഷം കോടിയായിരുന്നു ഈ പ്രത്യക്ഷ നികുതിയിനങ്ങളിലെ വരുമാനം.കഴിഞ്ഞ വർഷം ബജറ്റ് ലക്ഷ്യം 13.19 ലക്ഷം കോടിയായിരുന്നു. കോവിഡിനെത്തുടർന്ന് 9.05 ലക്ഷം കോടിയായി അനുമാനം താഴ്ത്തേണ്ടിവന്നു. കമ്പനിനികുതിയായി 4.57 ലക്ഷം കോടിയും വ്യക്തികളുടെ ആദായനികുതിയായി 4.71 ലക്ഷം കോടിയും ഓഹരിയിടപാടിനുള്ള സെക്യൂരിറ്റീസ് ട്രാൻസാക്‌ഷൻ നികുതിയായി 16927 കോടിയുമാണു ലഭിച്ചത്. ഈ മാസം തുടങ്ങിയ 2021–22 സാമ്പത്തികവർഷം 11.08 ലക്ഷം കോടി രൂപയാണു ലക്ഷ്യമിടുന്നതെന്നും കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ പി.സി.മോഡി പറഞ്ഞു.