
ഇന്ത്യന്‍ നിരത്തുകളില്‍ 17 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള വാണിജ്യ വാഹനമാണ് ടാറ്റയുടെ എയ്‌സ്.ഈ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ എത്തിച്ച് വാണിജ്യ വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് ടാറ്റ മോട്ടോഴ്‌സ്. ഇപ്പോള്‍ വിപണിയില്‍ പ്രദര്‍ശിപ്പിച്ച ഈ വാഹനം ഈ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനം വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, ബിഗ്ബാസ്‌ക്കറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വാഹനം കൈമാറുന്നതിന് ധാരണപത്രം ഒപ്പുവെച്ചതായാണ് വിവരം. കരാര്‍ അനുസരിച്ച് 39,000 എയ്‌സ് ഇലക്ട്രിക്കാണ് ഈ കമ്പനികള്‍ക്കും ഇവരുടെ ലോജസ്റ്റിക്‌സ് പങ്കാളികള്‍ക്കും കൈമാറുന്നത്.എയ്‌സ് ഇലക്ട്രിക്കിന്റെ വരവ് മാലിന്യമുക്തമായ ചരക്ക് ഗതാഗത സംവിധാനത്തിന് പുതിയ കുതിപ്പേകുമെന്നാണ് നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.ടാറ്റ മോട്ടോഴ്‌സിന്റെ EVOGEN പവര്‍ട്രെയിനില്‍ ഒരുങ്ങിയിട്ടുള്ള ഈ വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 154 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് ഉറപ്പുനല്‍കുന്നത്. ഇതിനൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളില്‍ ഇതില്‍ ഒരുങ്ങും.ഡ്രൈവിങ്ങ് റേഞ്ച് വര്‍ധിപ്പിക്കുന്നതിനായി അഡ്വാന്‍സ്ഡ് ബാറ്ററി കൂളിങ്ങ് സംവിധാനവും, റീജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റവും എയ്‌സ് ഇലക്ട്രിക്കില്‍ ഒരുക്കിയിട്ടുണ്ട്. 36 ബി.എച്ച്.പി. പവറും 130 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് എയ്‌സ് ഇലക്ട്രിക്കിന് കരുത്തേകുന്നത്. റെഗുലര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനത്തിലൂടെ അതിവേഗം ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനവും എയ്‌സ് ഇലക്ട്രിക്കില്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്.എക്കാലത്തെയും മികച്ച വാഹനമായ എയ്‌സ് ഇലക്ട്രിക് മേഖലയിലും വന്‍ വിജയമായിരിക്കുമെന്നും ടാറ്റ മോട്ടോഴ്‌സ് അഭിപ്രായപ്പെടുന്നു.
