Auto
Trending

ചുരുങ്ങിയ നാളില്‍ വമ്പന്‍ നേട്ടവുമായി ക്ലാസിക് 350

ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയിൽ രാജകീയ പരിവേഷമുള്ള വാഹന നിർമാതാക്കളാണ് റോയൽ എൻഫീൽഡ്. നിരത്തുകളിൽ എത്തിച്ചിട്ടുള്ള എല്ലാ മോഡലുകളും ഹിറ്റാക്കിയിട്ടുള്ള ഈ നിർമാതാക്കൾ ഏറ്റവുമൊടുവിൽ വിപണിയിൽ എത്തിച്ച ക്ലാസിക് 350-യും ചരിത്രം ആവർത്തിച്ചിരിക്കുകയാണ്. അവതരിപ്പിച്ച് ഒരു വർഷം തികയും മുമ്പ് ഒരു ലക്ഷം വാഹനങ്ങളുടെ നിർമാണം പൂർത്തിയാക്കിയാണ് റോയൽ എൻഫീൽഡ് പുത്തൻ ചരിത്രം തീർത്തിരിക്കുന്നത്.കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഡിസൈനിലും എൻജിനിലും ഉൾപ്പെടെ മാറ്റങ്ങളുമായി റോയൻ എൻഫീൽഡ് ക്ലാസിക് 350-യുടെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. വിപണിയിൽ എത്തി ആറ് മാസത്തിനുള്ളിലാണ് റോയൽ എൻഫീൽഡ് ഈ അഭിമാനാർഹമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിക്ക് പുറമെ, തായ്ലൻഡ്, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഈ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് സൂചന.ഡിസൈനിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾക്ക് പുറമെ, പുതുതലമുറ ഫീച്ചറുകളുമായാണ് ക്ലാസിക് എത്തിയിട്ടുള്ളത്. യു.എസ്.ബി. ചാർജിങ്ങ് ഓപ്ഷൻ, ഗൂഗിളുമായി സഹകരിച്ച് റോയൽ എൻഫീൽഡ് വികസിപ്പിച്ച ട്രിപ്പർ നാവിഗേഷൻ തുടങ്ങിയവ പുതുമയാണ്.റോയൽ എൻഫീൽഡിന്റെ ക്രൂയിസർ ബൈക്കായ മീറ്റിയോർ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്ഫോമിലാണ് ക്ലാസിക് 350-യും ഒരുങ്ങിയിട്ടുള്ളത്. പുതിയ ക്രാഡിൽ ഷാസിയിൽ ഒരുങ്ങിയിട്ടുള്ളതിനാൽ തന്നെ മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ പതിപ്പിന്റെ വാഹനത്തിന്റെ വിറയൽ കുറയ്ക്കുകയും മികച്ച റൈഡിങ്ങ് അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. മീറ്റിയോർ 350-യുമായി എൻജിനും ഗിയർബോക്സും പങ്കിട്ടാണ് പുതിയ ക്ലാസിക്ക് വിപണിയിൽ എത്തിച്ചതെന്നും കമ്പനി അറിയിച്ചു.കൗണ്ടർ ബാലൻസർ ഷാഫ്റ്റ് സംവിധാനമുള്ള 349 സി.സി. സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇഞ്ചക്ടഡ് എയർ കൂൾഡ് എൻജിനാണ് ക്ലാസിക്കിന്റെ ഹൃദയം. ഇത് 20.2 ബി.എച്ച്.പി. പവറും 27 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡാണ് ഇതിലെ ഗിയർബോക്സ്. മുന്നിൽ 19 ഇഞ്ചും പിന്നിൽ 18 ഇഞ്ചും വലിപ്പമുള്ള ടയറുകളാണ് ഇതിലുള്ളത്. 300 എം.എം., 270 എം.എം. ഡിസ്ക് ബ്രേക്കിനൊപ്പം ഡ്യുവൽ ചാനൽ എ.ബി.എസും ഇതിൽ സുരക്ഷയൊരുക്കും.റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ, ഡാർക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളിലാണ് പുതിയ ക്ലാസിക് വിപണിയിൽ അവതരിപ്പിച്ചത്. 1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം രൂപ വരെയാണ് ക്ലാസിക് 350-യുടെ ഇന്ത്യയിലെ എക്സ്ഷോറും വില.

Related Articles

Back to top button