
ഒടുവിലായി വരുത്തിയ പരിഷ്കരണത്തോടെ അടിമുടി ഒരു പ്രീമിയം ഹാച്ച് ബാക്ക് ലുക്കിലാണ് ടാറ്റ ടിയാഗോ എത്തുന്നത്. ഏറ്റവും കുറഞ്ഞ വേരിയന്റിൽ പോലും ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള ഈ വാഹനം എതിരാളികളേക്കാൾ മുന്നിലാണ്. പുതിയ ഫീച്ചറുകൾ വാഹനത്തിന് നൽകിയപ്പോൾ പിന്നിലെ പാർസൽ ഷെൽഫ് ട്രേ ഇതിൽ നിന്ന് നീക്കിയിട്ടുണ്ട്.

ടിയാഗോ ശ്രേണിയിലെ രണ്ടാമത്തെ മോഡലായ എക്സ്ടി വേരിയന്റിണ് കൂടുതൽ മെച്ചപ്പെട്ട ഫീച്ചറുകൾ നൽകാനൊരുങ്ങുന്നത്. മുൻപ് ടിയാഗോയുടെ ഉയർന്ന വേരിയന്റായ XZ,XZ+ വേരിയന്റുകളിൽ മാത്രം നൽകിയിരുന്ന സ്റ്റീയറിങ് മൗണ്ടഡ് ഓഡിയോ ആന്റ് ഫോൺ കൺട്രോൾ സംവിധാനം ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. പുതിയ ഫീച്ചറുകൾ വരുന്നതോടെ എക്സ്ടി വേരിയന്റിന്റെ വിലയിൽ 1000 രൂപയുടെ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. അധിക ഫീച്ചറുകളുള്ള ഈ പുത്തൻ വാഹനം അടുത്ത മാസത്തോടെ നിരത്തുകളിലെത്തും.
ബിഎസ് 6 നിലവാരമുള്ള 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇതിന് 86 ബിഎച്ച്പി പവറും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും. 4.70 ലക്ഷം രൂപ മുതൽ 6.60 ലക്ഷം രൂപ വരെ വിലയുള്ള ഈ വാഹനത്തിൽ അഞ്ച് സ്പീഡ് മാനുവലും എഎംടി ഗിയർബോക്സുമാണ് ഒരുക്കിയിരിക്കുന്നത്.
14 ഇഞ്ച് സ്റ്റീൽ വീൽ വിത്ത് വീൽ കവർ, റിയർ പാർക്കിംഗ് അസിസ്റ്റൻറ് വിത്ത് ഡിസ്പ്ലേ, ഫോളോ മീ ഹോം ഹെഡ്ലാമ്പ്, ഇഫോടെയിമെൻറ് സിസ്റ്റം, മുന്നിലും പിന്നിലും പവർ വിൻഡോ, ഇൻഡിക്കേറ്റർ നൽകിയുള്ള ഇലക്ട്രിക്കൽ അഡ്ജസ്റ്റബിൾ മിറർ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനത്തിൽ നൽകുമെന്ന് സൂചനകളുണ്ട്.