
ടാറ്റാ മോട്ടോഴ്സിന്റെ സബ് കോംപാക്ട് എസ് യു വിയായ നെക്സോൺ മൂന്നുവർഷംകൊണ്ട് ഉല്പാദിപ്പിച്ചത് 1.50 ലക്ഷം യൂണിറ്റ്. 2018 സെപ്റ്റംബറിൽ ഉൽപാദനം 50,000 യൂണിറ്റ് തികഞ്ഞിരുന്നു. വാഹന സുരക്ഷയിലെ അവസാനവാക്കായി പരിഗണിക്കപ്പെടുന്ന ഗ്ലോബൽ എൻസിഎപി പരിശോധനയിൽ 5 സ്റ്റാർ സുരക്ഷ കൈവരിച്ച ഇന്ത്യയിലെ ആദ്യ കാറാണ് നെക്സോൺ. ഈ വാഹനത്തിനു പിന്നാലെ എത്തിയ ടാറ്റാ മോഡലുകളായ അൾട്രൊസ്, ടിയൊഗ തുടങ്ങിയ മോഡലുകളും സുരക്ഷാ പരിശോധനയിൽ മുന്നിട്ടുനിന്നു.

മികച്ച ഫീച്ചറുകളോടെയെത്തിയ നെക്സോൺ എക്സ് എം വകഭേദത്തിൽ ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്ലാപ്, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, സ്റ്റിയറിങ്ങിൽ ഘടിപ്പിച്ച കൺട്രോൾ, ഇലക്ട്രിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ ഹോൾഡ് കൺട്രോൾ, മൾട്ടി ഡ്രൈവ് മോഡ് തുടങ്ങിയ ഒട്ടേറെ ഫീച്ചറുകൾ കമ്പനി കൂട്ടിച്ചേർത്തിരുന്നു. ഈ വർഷമാദ്യം ബിഎസ്6 നിലവാരമുള്ള നെക്സോൺ കമ്പനി വിപണിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയിൽ സൺറൂഫ് സഹിതം വിൽപ്പനയ്ക്കെത്തുന്ന ഏറ്റവും വിലകുറഞ്ഞ കാർ എന്ന നേട്ടം കൂടി ടാറ്റാ നെക്സോൺ സ്വന്തമാക്കി. മുൻപ് ബിഎസ്6 എൻജിനോടെ എത്തുന്ന ഹോണ്ട ജാസ് സെഡ് എസ് ആയിരുന്നു സൺറൂഫോടെ ലഭ്യമാകുന്ന ഏറ്റവും വിലകുറഞ്ഞ കാർ. 8.74 ലക്ഷം രൂപയായിരുന്നു അതിൻറെ വില. എന്നാൽ നെക്സോണിൻറെ പുതുതായെത്തിയ പതിപ്പിന് ഇതിനേക്കാൾ 38,000 രൂപയോളം കുറവാണ്.