
ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ ചരക്കു വ്യാപാര സംരംഭമായ ബിഗ് ബാസ്കറ്റിനെ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ടാറ്റാ സൺസിനു കീഴിലുള്ള കമ്പനി 9300 മുതൽ 9500 കോടി വരെ രൂപ ചെലവിട്ട് ബിഗ് ബാസ്കറ്റിലെ 68 ശതമാനം ഓഹരികളാണ് ഏറ്റെടുക്കുക. ഈ ഇടപാടിന് അനുമതി തേടി ടാറ്റ ഗ്രൂപ്പ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ (സിസിഐ) സമീപിച്ചിട്ടുണ്ട്. നാലോ അഞ്ചോ ആഴ്ചക്കകം ഇടപാട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.

ഈ ഏറ്റെടുക്കൽ പൂർത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി സംരംഭമായി ടാറ്റ ഗ്രൂപ്പ് മാറും. 26 നഗരങ്ങളിൽ സാന്നിധ്യമുള്ള ബിസ്ക്കറ്റിനാണ് ടാറ്റയെ അപേക്ഷിച്ച് വിപണിവിഹിതം കൂടുതൽ. ഇടപാട് പൂർത്തിയാകുന്നതോടെ റിലയൻസ് ജിയോ മാർട്ട്, ആമസോൺ ഫ്രഷ്, ഫ്ലിപ്കാർട്ട് സൂപ്പർ മാർക്കറ്റ് എന്നിവയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ ടാറ്റാ ഗ്രൂപ്പിന് കഴിയും. 2011 ഡിസംബറിലാണ് ഹരി മേനോൻറെ നേതൃത്വത്തിൽ ബിഗ് ബാസ്കറ്റ് പ്രവർത്തനമാരംഭിക്കുന്നത്. തുടർന്ന് വിദേശ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപം സമാഹരിച്ച് വളരാൻ തുടങ്ങി. നിലവിൽ 13,500 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യമായി കണക്കാക്കുന്നത്. 20 മാസം മുൻപാണ് വിപണി മൂല്യം 100 കോടി ഡോളർ (ഏകദേശം 7500 കോടി രൂപ)പിന്നിട്ട് യൂണികോൺ വിഭാഗത്തിലേക്ക് കടന്നത്. ഇടപാടിനു ശേഷവും കമ്പനിയുടെ നിലവിലെ സിഇഒ ഹരി മേനോൻ കമ്പനിയുടെ ബോർഡിൽ തുടർന്നേക്കും.