
ടാറ്റാ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ എസ് യു വിയായ ഗ്രാവിറ്റാസ് അടുത്ത വർഷമാദ്യം നിരത്തുകളിലെത്തും. ഏഴുസീറ്റുള്ള സ്പോർട് യൂട്ടിലിറ്റി വാഹനമായ ഇതിന് 15 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്.ഈവർഷം ഉത്സവകാലത്ത് നടത്താനിരുന്ന വാഹനത്തിൻറെ അവതരണം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അടുത്ത വർഷത്തേക്ക് മാറ്റുകയായിരുന്നു. അടുത്തവർഷം ഗ്രാവിറ്റാസിനു പുറമേ മറ്റു നാല് മോഡലുകൾ കൂടി ഈ കമ്പനി അവതരിപ്പിക്കും.

ടാറ്റയുടെ പുത്തൻ രൂപകല്പന ശൈലിയായ ഇംപാക്ട് 2.0 അടിസ്ഥാനമാക്കിയുള്ള ഹാരിയറിലെ ഒമേഗ പ്ലാറ്റ്ഫോം തന്നെയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ നിരത്തുകളിൽ ഏറെ ശ്രദ്ധനേടിയ ഹാരിയറിന്റെ നീളമേറിയ പതിപ്പാണ് ഗ്രാവിറ്റാസ്. ഹാരിയറിനെ അപേക്ഷിച്ച് 63 എം എം അധിക നീളവും 80 എംഎം അധിക ഉയരവുമാണ് ഈ പുതിയ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. വാഹനത്തിന് കരുത്തേകുന്നത് ഹാരിയറിലൂടെ മികവുതെളിയിച്ച രണ്ട് ലിറ്റർ ക്രയോ ടെക് ടർബോ ഡീസൽ എൻജിനാണ്. ബിഎസ്6 നിലവാരമുള്ള ഈ എൻജിൻ 170 പി എസ് വരെ കരുത്തും 350 എൻഎം വരെ ടോർക്കും സൃഷ്ടിക്കും. 6 സ്പീഡ് മാന്വൽ, 6 സ്പീഡ് ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷൻ എന്നിവയാകും ഗിയർബോക്സ് സാധ്യതകൾ.