Auto
Trending

120-ാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇരട്ടകളുടെ ആനിവേഴ്‌സറി എഡിഷനുമായി റോയൽ എൻഫീൽഡ്

റോയൽ എൻഫീൽഡ് എന്ന മേൽവിലാസത്തിൽ ആദ്യ ബൈക്ക് നിരത്തുകളിൽ എത്തിയിട്ട് 120 വർഷം പിന്നിടുകയാണ്. 120 വർഷത്തെ പാരമ്പര്യം ആഘോഷമാക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ ഏറ്റവും മികച്ച മോഡലുകളായ ട്വിൻ പതിപ്പിന്റെ ആനിവേഴ്സറി എഡിഷൻ പ്രദർശനത്തിനെത്തിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. EICMA 2021-ആണ് ഇന്റർസെപ്റ്റർ INT650, കോണ്ടിനെന്റൽ ജി.ടി.650 എന്നീ മോഡലുകളുടെ പ്രത്യേക പതിപ്പ് പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്. 120 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി എത്തുന്ന ആനിവേഴ്സറി എഡിഷൻ പതിപ്പിന്റെ 480 യൂണിറ്റ് മാത്രമാണ് നിർമിക്കുന്നത്. ഇവ ഇന്ത്യ, യൂറോപ്പ്, അമേരിക്ക, സൗത്ത്-ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് വിവരം. റോയൽ എൻഫീൽഡിന്റെ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഡിസൈൻ ശൈലിയായിരിക്കും ഈ മോഡലുകളിൽ നൽകുക.വാഹനത്തിനായുള്ള ബുക്കിങ്ങ് നവംബർ 24 മുതൽ ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ എണ്ണം മാത്രമെത്തുന്നതിനാൽ തന്നെ വാഹനം ഓൺലൈൻ സെയിലിനെത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ഡിസംബർ ആറാം തിയതിയാണ് റോയൽ എൻഫീൽഡ് വെബ്സൈറ്റിൽ വിൽപ്പന നടക്കുന്നത്. രണ്ട് മോഡലുകളുടെയും 60 യൂണിറ്റുകൾ വീതം മൊത്തം ആനിവേഴ്സറി എഡിഷന്റെ 120 യൂണിറ്റാണ് ഇന്ത്യക്കായി അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.1901 നവംബറിൽ ലണ്ടനിൽ നടന്ന സ്റ്റാൻലി സൈക്കിൾ ഷോയിലാണ് ആദ്യമായി റോയൽ എൻഫീൽഡ് പ്രദർശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ലണ്ടനിലേയും ഇന്ത്യയിലേയും ജീവനക്കാർ ചേർന്നായിരിക്കും ഈ ബൈക്കുകൾ നിർമിക്കുക. പൂർണായും കൈകൊണ്ട് നിർമിച്ചായിരിക്കും ഇവ ഒരുങ്ങുക. ബ്ലാക്ക് ക്രോം കളർ സ്കീമിലുള്ള ടാങ്ക്, വശങ്ങളിൽ നൽകിയിട്ടുള്ള 120 ബാഡ്ജിങ്ങ്, മറ്റ് ഭാഗങ്ങളിൽ പൂശിയിട്ടുള്ള ബ്ലാക്ക് നിറം എന്നിങ്ങനെയായിരിക്കും ഈ വാഹനം ഒരുങ്ങുക. പൂർണമായും പ്രകൃതി സൗഹാർദമായി ഈ വാഹനം നിർമിക്കുമെന്നാണ് നിർമാതാക്കൾ ഉറപ്പുനൽകിയിട്ടുള്ളത്.റോയൽ എൻഫീൽഡിന്റെ പാരലൽ ട്വിൻ എൻജിനുമായി 2019-ലാണ് ട്വിൻ മോഡലുകൾ എന്ന വിശേഷണവുമായി ഇന്റർസെപ്റ്റർ, കോണ്ടിനെന്റൽ ജി.ടി. എന്നീ മോഡലുകൾ ഇന്ത്യയിൽ എത്തിയത്. 648 സിസി എയർ കൂൾഡ്, പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് ഈ ബൈക്കുകൾക്ക് കരുത്തേകുന്നത്. ഇത് പരമാവധി 7100 ആർ.പി.എമ്മിൽ 47 ബി.എച്ച്.പി പവറും 4000 ആർ.പി.എമ്മിൽ 52 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും.

Related Articles

Back to top button