Startup
Trending

വീണ്ടും ഏറ്റെടുക്കലുമായി ബൈജൂസ്: സിംഗപ്പൂർ കമ്പനിയെ 4467 കോടി രൂപയ്ക്ക് സ്വന്തമാക്കി

എജ്യൂടെക് കമ്പനി ബൈജൂസ് സിംഗപ്പൂരിലെ ഗ്രേറ്റ് ലേണിങ് കമ്പനിയെ 60 കോടി ഡോളറിന് (ഏകദേശം 4467 കോടി രൂപ) ഏറ്റെടുത്തു. ഗ്രേറ്റ് ലേണിങ്ങിന്റെ സ്ഥാപകരായ മോഹൻ ലഖംരാജു, ഹരി നായർ, അർജുൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നിലവിലെ പ്രവർത്തനങ്ങൾ തുടരുമെന്നും ബൈജൂസ് അറിയിച്ചു.ഇതോടെ യുണികോൺ കമ്പനികളിൽ ഏറ്റവുമധികം ഏറ്റെടുക്കൽ നടത്തിയ സ്റ്റാർട്ട്–അപ്പ് എന്ന റെക്കോർഡും ബൈജൂസ് സ്വന്തമാക്കി. വിവിധ കമ്പനികളെ സ്വന്തമാക്കാനായി ഏകദേശം 220 കോടി ഡോളറാണ് ബൈജൂസ് ചെലവിട്ടത്.രാജ്യാന്തരതലത്തിൽ അംഗീകൃത സര്‍വകലാശാലകളുമായി സഹകരിച്ച് ഡേറ്റാ സയന്‍സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, നിർമിത ബുദ്ധി, മെഷീൻ ലേണിങ് തുടങ്ങി വിഷയങ്ങളിൽ ബിരുദം, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളാണ് ഗ്രേറ്റ് ലേണിങ് നൽകുന്നത്.ഇതിനിടെ ബൈജൂസ് ലേണിങ് ആപ്പിലേക്ക് കോടികളുടെ നിക്ഷേപമാണ് വരുന്നത്. ഏറ്റവും അവസാനമായി, കഴിഞ്ഞ മാസം 350 ദശലക്ഷം ഡോളറിന്റെ നിക്ഷേപമാണ് നടത്തിയത്. ഇതോടെ ബൈജൂസ് സ്റ്റാർട്ടപ്പിന്റെ മൊത്തം മൂല്യം 1650 കോടി ഡോളറായി ( ഏകദേശം 120832.47 കോടി രൂപ) ഉയർന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാർട്ടപ്പായ ബൈജൂസ് ലോകത്ത് പതിനൊന്നാം സ്ഥാനത്താണ്.2015 ൽ ആരംഭിച്ച ബൈജൂസ് ആപ്പ് ഉപയോഗിച്ച് 80 ദശലക്ഷത്തിലധികം വിദ്യാർഥികളാണ് പഠിക്കുന്നത്. 55 ലക്ഷം പേർ ബൈജൂസ് ആപ്പിന്റെ പെയ്ഡ് സർവീസ് ഉപയോഗിക്കുന്നുണ്ട്. 2020 ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ ബൈജൂസ് ആപ്പിന് 45 ദശലക്ഷം പുതിയ വിദ്യാർഥികളെയാണ് ലഭിച്ചത്.

Related Articles

Back to top button