Auto
Trending

ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ ഫോക്‌സ്‌വാഗണ്‍ പോളോയുടെ പുത്തൻ അവതാരം

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്കുകളിൽ മുൻനിര മോഡലായ ഫോക്സ്വാഗൺ പോളോയുടെ നിര കൂടുതൽ വലുതാകുന്നു. ഇതിന്റെ ഭാഗമായി പോളോയുടെ കംഫർട്ട്ലൈൻ വേരിയന്റിന്റെ ഓട്ടോമാറ്റിക് പതിപ്പ് അവതരിപ്പിച്ചു. 8.51 ലക്ഷം രൂപയാണ് കംഫർട്ട്ലൈൻ ഓട്ടോമാറ്റിക്കിന്റെ എക്സ്ഷോറും വില. ഫോക്സ്വാഗണിന്റെ 1.0 ലിറ്റർ ടി.എസ്.ഐ. മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എൻജിനൊപ്പമാണ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ നൽകിയിട്ടുള്ളത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഇതിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. 16.47 കിലോമീറ്റർ ഇന്ധനക്ഷമതയാണ് പോളോയുടെ ഓട്ടോമാറ്റിക് പതിപ്പിന് നിർമാതാക്കൾ ഉറപ്പുനൽകുന്നത്.


പുതിയൊരു ട്രാൻസ്മിഷൻ ഓപ്ഷൻ കൂട്ടി ചേർത്തതൊഴിച്ചാൽ മറ്റ് പുതുമകളോന്നും ഡിസൈനിലോ ഫീച്ചറുകളിലോ വരുത്തിയിട്ടില്ല. പോളോയുടെ ഉയർന്ന വേരിയന്റ് ആയതിനാൽ തന്നെ അലോയി വീൽ ഉൾപ്പെടെയുള്ള ഫീച്ചറുകൾ എക്സ്റ്റീരിയറിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ, ഇൻ ബിൽറ്റ് ബ്ലൂടൂത്ത് തുടങ്ങിയ ഫീച്ചറുകളാണ് ഈ മോഡലിൽ നൽകിയിട്ടുള്ളത്.108 ബി.എച്ച്.പി. പവറും 175 എൻ.എം. ടോർക്കുമേകുന്ന 1.0 ലിറ്റർ ടർബോചാർജ്ഡ് എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് പുറമെ, അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും ഈ വാഹനത്തിനുണ്ട്. പോളോ കംഫർട്ട്ലൈനിന്റെ മാനുവൽ മോഡലിന് 18.24 കിലോമീറ്റർ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.ഫോക്സ്വാഗൺ വാഹനങ്ങളിലെ മികച്ച മോഡലായ പോളോയുടെ നിരയിലേക്ക് ഒരു ഓട്ടോമാറ്റിക് വകഭേദം കൂടി എത്തിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ഈ വാഹനം ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഡ്രൈവിങ്ങ് അനുഭവം പകരുമെന്നും, ഈ സെഗ്മെന്റിൽ ശക്തമായ മത്സരം തുടർന്നും കാഴ്ചവയ്ക്കുമെന്നും ഫോക്സ്വാഗൺ ഇന്ത്യയുടെ മേധാവി അറിയിച്ചു

Related Articles

Back to top button