Auto
Trending

ദിവസവും രജിസ്റ്റര്‍ ചെയ്യുന്നത് 142 ഇലക്ട്രിക് വാഹനങ്ങൾ

തലസ്ഥാനത്തെ വൈദ്യുതവാഹന വിപണിയില്‍ വന്‍കുതിപ്പെന്ന് ഡല്‍ഹി സര്‍ക്കാര്‍. ഇ-വാഹനങ്ങളുടെ എണ്ണം 50,000 കടന്നതായി അധികൃതര്‍ അറിയിച്ചു. ഇതുസംബന്ധിച്ച കണക്കുകളും അധികൃതര്‍ പുറത്തുവിട്ടു. 2024-ഓടെ പുതിയ വാഹന രജിസ്ട്രേഷനുകളുടെ 25 ശതമാനം പരിസ്ഥിതിസൗഹൃദ വൈദ്യുതവാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ 2020 ഓഗസ്റ്റിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇ-വി. പോളിസി ആരംഭിച്ചത്. പോളിസി ആരംഭിച്ച് ആദ്യമാസം നഗരത്തില്‍ 739 വൈദ്യുതവാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്.തുടര്‍ന്ന് 2020 സെപ്റ്റംബര്‍മുതല്‍ ഇന്നുവരെ 50,225 വൈദ്യുതവാഹനങ്ങള്‍ വിറ്റു. പോളിസി ആരംഭിക്കുന്നതിനുമുമ്പ് ഡല്‍ഹിയില്‍ പ്രതിവര്‍ഷം, 20,977 ഇ-വാഹനങ്ങള്‍മാത്രമാണ് വിറ്റഴിച്ചിരുന്നത്. ആ വര്‍ഷം ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ 2.9 ശതമാനം മാത്രമാണ് ഇത്. അടുത്തവര്‍ഷം ഇത് 23,223 ആയി ഉയരുകയും നഗരത്തിലെ വാഹനവില്‍പ്പനയില്‍ ഇ-വാഹനങ്ങളുടെ വിഹിതം 3.6 ശതമാനമായി ആയി വര്‍ധിക്കുകയും ചെയ്തു.ഈ വര്‍ഷം ഇതുവരെ 19,872 വൈദ്യുതവാഹനങ്ങളാണ് വിറ്റത്. കഴിഞ്ഞവര്‍ഷം പ്രതിദിനം 71 വൈദ്യുതവാഹനങ്ങള്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്ത് ഈ വര്‍ഷം ശരാശരി 142 ഇ-വാഹനങ്ങളായി ഇത് ഉയര്‍ന്നു.പോളിസിക്കു കീഴില്‍ വൈദ്യുത ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും വാങ്ങുന്നതിന് വിപുലമായ സബ്സിഡികളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് പരമാവധി 30,000 രൂപവരെയും നാലുചക്രവാഹനങ്ങള്‍ വാങ്ങുമ്പോള്‍ 1,50,000 രൂപവരെയുമാണ് ഇ-വി.കളില്‍ ഇളവ് ലഭിക്കുക.വൈദ്യുതവാഹന പോളിസിക്ക് കീഴില്‍, റോഡ് നികുതിയും രജിസ്ട്രേഷന്‍ ചാര്‍ജുകളും ഉടമകളില്‍നിന്ന് സര്‍ക്കാര്‍ ഈടാക്കുന്നില്ല. നഗരത്തിലെ വൈദ്യുതവാഹന ഉടമസ്ഥരിൽ 59 ശതമാനംപേര്‍ക്കും ഡല്‍ഹി വൈദ്യുതവാഹന പോളിസി പ്രകാരം ഇതിനകം സബ്സിഡി നല്‍കിയിട്ടുണ്ടെന്ന് ഗതാഗതവകുപ്പ് നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.അര്‍ഹതയുള്ള എല്ലാ ഇ-വി. ഉടമകള്‍ക്കും സബ്സിഡികള്‍ ഉടന്‍ നല്‍കുമെന്നും നിയമസഭയില്‍ ഗതാഗതവകുപ്പ് അറിയിച്ചു.

Related Articles

Back to top button