Auto
Trending

പ്രതിസന്ധികൾക്കിടയിലും പറന്നുയര്‍ന്ന് 2021 ൽ ഇന്ത്യന്‍ വാഹനവിപണി

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം, ലോക്ക്ഡൗൺ, ചിപ്പുക്ഷാമം തുടങ്ങി ഇന്ത്യയുടെ വാഹന മേഖലയ്ക്ക് ഒട്ടും അനുകൂലമായിരുന്നില്ല 2021. എന്നാൽ, ഈ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലെ വാഹന നിർമാതാക്കൾ മത്സരിച്ചാണ് പുതിയ മോഡലുകളും ഫെയ്സ്ലിഫ്റ്റ് പതിപ്പുകളും വിപണിയിൽ എത്തിച്ചിരുന്നത്. പെട്രോൾ-ഡീസൽ കാറുകൾക്ക് പുറമെ, ടൂ വീലറുകളിലും ഫോർ വീലറുകളിലുമായി ഇലക്ട്രിക് വാഹനങ്ങളുടെ ഒരു കുത്തൊഴുക്കിനും ഇക്കഴിഞ്ഞ വർഷം സാക്ഷിയായി.സാധാരണ വാഹനങ്ങളെക്കാൾ അധികം പ്രീമിയം വാഹനങ്ങളുടെ പുതിയ മോഡലുകളാണ് 2021-ൽ വിപണിയിൽ എത്തിയതെന്ന് പറയേണ്ടിവരും. ബി.എം.ഡബ്ല്യു, ഔഡി, മെഴ്സിഡസ്, പോർഷെ, വോൾവോ, ഫെരാരി, ലംബോർഗിനി തുടങ്ങിയ എല്ലാ ആഡംബര വാഹന നിർമാതാക്കളും കുറഞ്ഞത് ഒരു വാഹനമെങ്കിലും വിപണിക്ക് സമ്മാനിച്ചിട്ടുണ്ട്. ഒന്നിലധികം വാഹനം എത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്.2021-ൽ ഇന്ത്യയിൽ സൂപ്പർസ്റ്റാർ പരിവേഷം ലഭിച്ചത് ഇന്ത്യയുടെ സ്വന്തം വാഹന നിർമാതാക്കൾക്ക് തന്നെയാണ്. ടാറ്റയുടെ പഞ്ച്, മഹീന്ദ്രയുടെ XUV700, മാരുതിയുടെ സെലേറിയ തുടങ്ങിയ വാഹനങ്ങളാണ് ചില സൂപ്പർ സ്റ്റാറുകൾ. പുതിയ ഒരു സെഗ്മെന്റിൽ നിറയെ ഫീച്ചറുകളും അതിനൊത്ത സ്റ്റൈലുമായി എത്തിയതാണ് പഞ്ചിന്റെ ഹൈലൈറ്റ്. എന്നാൽ, വിദേശ വാഹനങ്ങൾക്ക് ഒപ്പം നിൽക്കുന്ന സുരക്ഷ ഫീച്ചറുകളും പുത്തൻ ലോഗോയും മികച്ച സ്റ്റൈലിലുമെത്തിയതാണ് XUV700-നെ ഹിറ്റാക്കിയത്. സെലേറിയോ തിളങ്ങിയതിന്റെ പ്രധാന കാരണം മൈലേജാണ്. പെട്രോൾ വില 100 രൂപയും കടന്ന് കുതിക്കുമ്പോഴാണ് 26 കിലോമീറ്റർ മൈലേജ് എന്ന ഓഫറുമായി സെലേറിയോയുടെ വരവ്. അതോടെ ഈ വാഹനവും ഹിറ്റുകളുടെ ലിസ്റ്റിൽ എത്തുകയായിരുന്നു.എണ്ണിയാൽ തീരാത്ത വിദേശ വാഹനങ്ങളാണ് 2021-ൽ ഇന്ത്യൻ നിരത്തുകളിൽ തിളങ്ങിയത്. ആദ്യമെത്തിയ ടൊയോട്ട ഫോർച്യൂണർ, പിന്നാലെ എത്തിയ എം.ജി. ഹെക്ടർ പ്ലെസ്, ഈ വാഹനങ്ങൾക്ക് ഒപ്പം തന്നെ എത്തിയ ടാറ്റ സഫാരി തുടങ്ങിയവയും 2021-ന്റെ തുടക്കത്തിൽ തിളങ്ങിയ വാഹനങ്ങളാണ്.സിട്രോൺ എന്ന ഫ്രഞ്ച് വാഹന നിർമാതാക്കളുടെ ഇന്ത്യ പ്രവേശനത്തിനും 2021 സാക്ഷ്യം വഹിച്ചു. സി5 എയർക്രോസ് എന്ന എസ്.യു.വിയുമായാണ് ഇവർ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. പ്രീമിയം വാഹനങ്ങളായി മാത്രം ഇന്ത്യയിലെ ജനങ്ങൾ കണക്കാക്കിയിരുന്ന സ്കോഡയും ഫോക്സ്വാഗണും മത്സരിച്ച് വാഹനങ്ങൾ എത്തിച്ചതും 2021-ൽ വാഹന ലോകത്തിന് പുത്തൻ ഉണർവ് നൽകി. ടൈഗൂൺ, ടിഗ്വാൻ എന്നീ വാഹനങ്ങളുമായി ഫോക്സ്വാഗണും, കുഷാഖ്, കരോഖ് എന്നീ വാഹനങ്ങളുമായി സ്കോഡയും വിപണിയിൽ സജീവ സാന്നിധ്യമായി.മലിനീകരണ മുക്തമായ ഗതാഗത സംവിധാനം എന്ന ഇന്ത്യയുടെ വലിയ ലക്ഷ്യത്തിന് ഏറ്റവുമധികം കരുത്താർജിച്ച വർഷവുമായിരുന്നു 2021. വാഹന നിർമാതാക്കൾ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയും, വാഹനങ്ങൾ ഒന്നിനുപുറമെ ഒന്നായി എത്തുകയും ചെയ്തതോടെ ജനങ്ങൾക്ക് ഇലക്ട്രിക് വാഹനങ്ങളോട് ഉണ്ടായിരുന്ന അകലം കുറച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരിന് പുറമെ, സംസ്ഥാനങ്ങളും പ്രത്യേകമായി ഇലക്ട്രിക് വാഹന നയങ്ങൾ പ്രഖ്യാപിക്കുകയും വലിയ ഇളവുകൾ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.ഇന്ത്യയിലും വിദേശത്തുമുള്ള സുപ്രധാന മൊബൈൽ ഫോൺ നിർമാതാക്കൾ എല്ലാം തന്നെ ഇലക്ട്രിക് വാഹനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ, ഗൂഗിൾ, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികളാണ് ഇവയിൽ ചിലത്. വരും വർഷങ്ങളിൽ ഈ വാഹനം എത്തിത്തുടങ്ങും.

Related Articles

Back to top button