Auto
Trending

പരീക്ഷണയോട്ടം തകൃതിയാക്കി ഫോഴ്‌സ് ഗുര്‍ഖ; നിരത്തുകളില്‍ വൈകാതെയെത്തും

പുതുതലമുറ ഥാർ ഇറങ്ങിയപ്പോൾ മുതൽ വാഹന പ്രേമികൾ കാത്തിരിക്കുന്ന ഒരു വാഹനമുണ്ട്. ഥാറിന് ഒത്ത എതിരാളിയും ഓഫ് റോഡുകളിലെ സമാനതകളില്ലാത്ത കരുത്തുമായ ഫോഴ്സിന്റെ ഗുർഖയാണ് അത്. 2020 ഓട്ടോ എക്സ്പോയിൽ പ്രദർശനത്തിനെത്തിയ പുതുതലമുറ ഗുർഖയുടെ വരവടുത്തെന്ന സൂചന നൽകി വീണ്ടും പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.മൂടിക്കെട്ടലുകൾ ഒന്നും മില്ലാതെയുള്ള ചിത്രമാണ് ഇപ്പോൾ ഓൺലൈൻ മീഡിയകളിൽ നിറയുന്നത്. ഗുർഖയുടെ നിർമാണം പൂർത്തിയായ ശേഷമുള്ള പരീക്ഷണമാണെന്നാണ് വിലയിരുത്തലുകൾ. മഹീന്ദ്ര ഥാർ എത്തിയതിനൊപ്പം കഴിഞ്ഞ ഉത്സവ സീസണിൽ തന്നെ വിപണിയിൽ എത്താനൊരുങ്ങിയ വാഹനമാണ് ഗുർഖയും. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വരവ് നീളുകയായിരുന്നു.


എക്സ്റ്റീരിയറിലെ പരുക്കൻ ഭാവം തന്നെയാണ് പുതുതലമുറ ഗുർഖയുടെയും മുഖമുദ്ര. വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്ലാമ്പ്, ഇതിനുചുറ്റിലുമുള്ള ഡി.ആർ.എൽ, മെഴ്സിഡസ് ജി-വാഗണിന് സമാനമായി ബോണറ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഇന്റിക്കേറ്റർ, പുതുക്കി പണിതിരിക്കുന്ന ഗ്രില്ല്, ഓഫ് റോഡുകൾക്ക് ഇണങ്ങുന്ന ബംബർ എന്നിവയാണ് മുഖഭാവത്തിൽ വരുത്തിയ പുതുമ.എക്സ്റ്റിരിയറിൽ നിന്ന് വിപരീതമായി വളരെ ക്യൂട്ട് ഭാവമുള്ള അകത്തളമാണ് ഗുർഖയിലുള്ളത്. സ്റ്റൈലിഷായി ഒരുങ്ങിയ ഡാഷ്ബോർഡ്, ക്രോമിയം ബ്ലാക്ക് റിങ്ങ് നൽകിയ റൗണ്ട് എ.സി.വെന്റുകൾ, ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഡിജിറ്റൽ സ്ക്രീൻ, മുൻ മോഡലിൽ നിന്ന് പറിച്ചുനട്ട സ്റ്റിയറിങ്ങ് വീൽ എന്നിവയാണ് അകത്തളത്തെ ആകർഷകമാക്കുന്നത്.നിലവിലെ ഗുർഖയ്ക്ക് കരുത്തേകുന്ന 2.6 ലിറ്റർ എൻജിന്റെ ബിഎസ്-6 പതിപ്പായിരിക്കും പുതിയ മോഡലിലും നൽകുകയെന്നാണ് സൂചന. എന്നാൽ, മുൻതലമുറയിലേതിനെക്കാൾ കൂടുതൽ കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് വിലയിരുത്തലുകൾ. 4X4 സംവിധാനത്തിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ആയിരിക്കും ഗുർഖയിൽ ട്രാൻസ്മിഷൻ നിർവഹിക്കുക.

Related Articles

Back to top button